കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾ പിൻവലിച്ചത് ഡിപ്പോയുടെ പ്രവർത്തനം താളം തെറ്റിക്കുന്നു. നിലവിലുള്ള മൂന്ന് സൂപ്പർ ഫാസ്റ്റുകളിൽ രണ്ടെണ്ണമാണ് ഇന്നലെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ എത്തിച്ചത്. ശേഷിക്കുന്ന ഒരെണ്ണം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ തിരുവനന്തപുത്ത് എത്തിക്കണമെന്നാണ് കോർപ്പറേഷൻ അധികൃതർ കരുനാഗപ്പള്ളി ഡിപ്പോ അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. സംസ്ഥാന തലത്തിൽ കോർപ്പറേഷൻ നടപ്പാക്കുന്ന പരിഷ്ക്കരണത്തിന്റെ ഭാഗമായാണ് സൂപ്പർ ഫാസ്റ്റ് ബസുകൾ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് പിൻവലിച്ചതെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റുകളുടെ സേവനം ഇന്നലെ മുതലാണ് കരുനാഗപ്പള്ളി ഡിപ്പോയ്ക്ക് നഷ്ടമായത്. സൂപ്പർ ഫാസ്റ്റ് സർവീസ് നിലയ്ക്കുന്നതോടെ യാത്രാക്ലേശം രൂക്ഷമാവും. എല്ലാ ദിവസവും കരുനാഗപ്പള്ളിയിൽ നിന്ന് തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും പോകുന്ന സ്ഥിരംയാത്രക്കാരുടെ കാര്യമാണ് കഷ്ടത്തിലായത്. കൂടാതെ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് വള്ളിക്കാവിലേക്ക് സർവീസ് നടത്തിയിരുന്ന ഓർഡിനറി ബസും ഇന്നലെ മുതൽ സർവീസ് റദ്ദാക്കി വടകര ഡിപ്പോയിലേക്ക് പോയി. 32 വർഷങ്ങൾക്ക് മുമ്പാണ് കരുനാഗപ്പള്ളിയിൽ നിലവിലുള്ള ഡിപ്പോ പ്രവർത്തനം ആരംഭിച്ചത്. കാലാകാലങ്ങളിൽ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ ശ്രമ ഫലമായാണ് ഡിപ്പോ ഇന്നത്തെ നിലയിൽ എത്തിയത്. 8 ലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന ഡിപ്പോയുടെ ദിവസ വരുമാനം എസ്.ബി.ഐ കരുനാഗപ്പള്ളി ബ്രാഞ്ചിലാണ് നിക്ഷേപിക്കുന്നത്.
സായാഹ്ന ധർണ
കെ.എസ്.ആർ.ടി.സിയുടെ പുതിയ ഭരണപരിഷ്ക്കാരത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ഇന്ന് വൈകിട്ട് 4 മണിക്ക് കരുനാഗപ്പള്ളി ഡിപ്പോയ്ക്ക് സമീപം സായാഹ്ന ധർണ സംഘടിപ്പിക്കും
ഷിബു എസ്. തൊടിയൂർ (യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് )
അധികൃതർ പറയുന്നത്
ദേശീയപാതയിലും എം.സി റോഡിലും 15 മിനിറ്റ് ഇടവിട്ട് സൂപ്പർ ഫാസ്റ്റുകൾ സർവീസ് നടത്തുന്നതിന്റെ ഭാഗമായാണ് സബ് ഡിപ്പോകളിലെ സൂപ്പർ ഫാസ്റ്റുകൾ സെൻട്രൽ ഡിപ്പോയിലേക്ക് പിൻവലിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
കരുനാഗപ്പള്ളി ഡിപ്പോ
സൂപ്പർ ഫാസ്റ്റുകൾ - 3 (രണ്ടെണ്ണം പിൻവലിച്ചു)
ഫാസ്റ്റ് പാസഞ്ചർ ബസുകൾ - 13
ഓർഡിനറി ബസുകൾ - 77 ( 8 എണ്ണം ജന്റർ)
അറ്റക്കുറ്റപ്പണിക്കായി കട്ടപ്പുറത്ത് - 5 ബസുകൾ
മൊത്തം ജീവനക്കാർ - 650 ഓളം
ദിവസ വരുമാനം - 8 ലക്ഷം രൂപയ്ക്ക് മുകളിൽ
സൂപ്പർ ഫാസ്റ്റ് സർവീസ് നിലയ്ക്കുന്നതോടെ കരുനാഗപ്പള്ളി ഡിപ്പോയ്ക്ക് പ്രതിദിനം നഷടമാകുന്നത് 90000 ത്തോളം രൂപ