maruthadi
മരുത്തടി കറങ്ങിയ ജംഗ്ഷന് സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലെ മാലിന്യ കൂമ്പാരം

കൊല്ലം: മരുത്തടി കറങ്ങിയ ജംഗ്ഷന് സമീപം താമസിക്കുന്നവർക്ക് മൂക്കുപൊത്തി ജീവിക്കേണ്ട അവസ്ഥയാണ്. ജംഗ്ഷന് സമീപത്തായി ഒഴിഞ്ഞു കിടക്കുന്ന പുരയിടത്തിൽ രാത്രികാലങ്ങളിൽ പ്ളാസ്റ്റിക് - ഭക്ഷണ മാലിന്യ നിക്ഷേപം സജീവമായി തുടരുകയാണ്.

മാലിന്യം കുന്നുകൂടിയതോടെ പ്രദേശത്ത് തെരുവുനായ ശല്യവും രൂക്ഷമായിരിക്കുകയാണ്. കൂടാതെ അസഹനീയമായ ദുർഗന്ധം, പക്ഷികൾ കിണറുകളിൽ മാലിന്യ അവശിഷ്ടങ്ങൾ കൊത്തിയിടുക, ഈച്ച ശല്യം മുതലായ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ട സ്ഥിതിയിലാണ് പൊതുജനം. മഴക്കാലമെത്തുന്നതോടെ രോഗങ്ങൾ പരക്കാനുള്ള സാഹചര്യവും തള്ളികളയാനാവില്ല.

 നിക്ഷേപം തർക്കത്തിലുള്ള വസ്തുവിൽ

വസ്‌തുവിന്റെ ഒരു ഭാഗത്താകെ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. രാത്രി കാലങ്ങളിൽ ഇരുചക്രവാഹനങ്ങളിലും മറ്റും എത്തിയാണ് പലരും ഇവിടേക്ക് മാലിന്യം വലിച്ചെറിയുന്നത്. വസ്‌തു തർക്കത്തെ തുടർന്ന് വർഷങ്ങളായി കേസിൽ കിടക്കുന്ന ഈ ഭൂമിയിലെ മാലിന്യ നിക്ഷേപത്തെകുറിച്ച് ആരോട് പരാതി പറയണമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ദിനംപ്രതി പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊലീസിൽ പരാതിപ്പെടാനുള്ള തീരുമാനത്തിലാണിവർ. കാറ്ററിംഗ് സർവീസുകാരും കറുത്ത ബാഗിൽ ഭക്ഷണാവശിഷ്ടങ്ങൾ നിറച്ച് ഇവിടേക്ക് വലിച്ചെറിയുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

 കാമറ സ്ഥാപിക്കാൻ ഫണ്ടില്ല

പുരയിടത്തിലെ മാലിന്യ നിക്ഷേപം രൂക്ഷമായതോടെ നാട്ടുകാർ ചേർന്ന് വാർഡ് കൗൺസിലറെ ബന്ധപ്പെട്ടപ്പോൾ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ ഫണ്ടില്ലെന്നാണ് അറിയിച്ചത്. മാലിന്യ നിക്ഷേപത്തിനെതിരെ ബോർഡ് വയ്‌ക്കാൻ തീരുമാനിച്ചതായി കൗൺസിലർ പറഞ്ഞു.

കോർപ്പറേഷൻ പരിധിയിൽ മാലിന്യ വിമുക്ത പരിപാടികൾക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് പലയിടങ്ങളിലും ദിനംപ്രതി മാലിന്യ നിക്ഷേപം രൂക്ഷമാകുന്നത്. ആറുമാസത്തിനുള്ളിൽ ജനപങ്കാളിത്തത്തോടെ മാലിന്യ സംസ്‌കരണം നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും രണ്ടുമാസത്തിനുള്ളിൽ താഴെതട്ടുമുതലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മേയർ കൗൺസിലിൽ അറിയിച്ചതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.