ശാസ്താംകോട്ട: പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന വേങ്ങ ആറാട്ട് കുളത്തിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് പതിവായിട്ടും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. കുറ്റിയിൽ മുക്കിൽ നിന്നും ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലേക്കുള്ള പ്രധാന പാതയിൽ ആറാട്ട് കുളത്തിന് സമീപം റോഡരികിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലുമാണ് മാലിന്യം പതിവായി നിക്ഷേപിക്കുന്നത്. ഇവിടം ജനവാസ മേഖല അല്ലാത്തതിനാൽ കടകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ സ്ഥിരമായി നിക്ഷേപിക്കുന്ന സ്ഥിതിയാണുള്ളത്. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർ, വിദ്യാർത്ഥികൾ, ആരാധനാലയങ്ങളിലേക്ക് പോകുന്നവർ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നത്. മൂക്ക് പൊത്താതെ ഇതിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശത്ത് സി.സി ടി.വി കാമറ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ കേട്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിനാൽ കുളത്തിലും മാലിന്യം തള്ളാൻ സാദ്ധ്യതയുണ്ടെന്ന് പരിസരവാസികൾ പറയുന്നു.