കൊല്ലം: ജോലി തട്ടിപ്പിൽ അകപ്പെട്ട് ഒമാനിലെ വീട്ടുതടങ്കലിലായ യുവതിക്ക് സഹായമായത് എം.പിയുടെ ഇടപെടൽ. ഒമാനിൽ അകപ്പെട്ട മുളവന സ്വദേശിനിയായ സുനിതയെ കണ്ടെത്തിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. യുവതിയെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി മസ്‌കറ്റ് ഇന്ത്യൻ എംബസി അംബാസഡർ മുനു മഹാവർ എം.പിയെ ഇ -മെയിൽ സന്ദേശത്തിലൂടെ അറിയിച്ചു.
മാർച്ച് 4നാണ് മൂവാറ്റുപുഴയിലെ മാൻപവർ ഏജൻസി മുഖേന ജോലിക്കായി സുനിത ദുബായിലേക്ക് പോയത്. ഇവിടെ നിന്ന് ഇസ്മായിൽ എന്ന ഏജന്റ് സുനിതയെ ഒമാനിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ ഒമാനിൽ ജോലി ശരിയാകാത്തതിനെ തുടർന്ന് സുനിതയെ സിറാജ് എന്നു പേരുള്ള വ്യക്തിയുടെ ഓഫീസ് മുറിയിൽ എത്തിക്കുകയായിരുന്നു.
സുനിതയുടെ പക്കലുണ്ടായിരുന്ന ഫോണും രേഖകളും ഇയാൾ പിടിച്ച് വച്ച ശേഷം ഇവരെ ഓഫീസ് മുറിയിൽ അടച്ചിടുകയായിരുന്നു. തുടർന്ന് മുറിയിലെത്തിയ സ്ത്രീയുടെ മൊബൈൽ വാങ്ങിയാണ് സുനിത തന്റെ മൂത്ത മകളായ ശ്രീലക്ഷ്മിയെ വിളിച്ച് വിവരമറിയിച്ചത്. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി വിഷയത്തിൽ ഇടപെടുകയായിരുന്നു.
യുവതിയെ കാണാതായതിനെ സംബന്ധിച്ച് എം.പി ഇന്ത്യൻ എംബസിക്ക് കത്ത് അയച്ചിരുന്നു. പാസ്‌പോർട്ട് നമ്പർ ലഭ്യമല്ലാത്തതിനാൽ യുവതിയെ കണ്ടെത്താൻ സാധിച്ചില്ല. യുവതിയുടെ മക്കൾക്കോ കുടുംബാംഗങ്ങൾക്കോ സുനിതയുടെ പാസ്‌പോർട്ട് നമ്പർ അറിയില്ലായിരുന്നു. തുടർന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പാസ്‌പോർട്ട് അധികൃതരുമായി ബന്ധപ്പെട്ട് നമ്പർ കണ്ടെത്തിയ ശേഷം വീണ്ടും എംബസിയെ ബന്ധപ്പെട്ടതോടെയാണ് നടപടിയുണ്ടായത്. യുവതിയെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി അറിയിച്ചു.