trin
പുനലൂർ-ചെങ്കോട്ട റെയിൽ പാതയിലെ കഴുതുരുട്ടിയിൽ ട്രാക്കിലേക്ക് ഒടിഞ്ഞു വീണ കൂറ്റൻ മരം

ഒഴിവായത് വൻ അപകടം

പുനലൂർ: പുനലൂർ - ചെങ്കോട്ട റെയിൽവേ പാതയിൽ കൂറ്റൻ മരം ഒടിഞ്ഞു വീണു. ഈ സമയം ട്രെയിനുകൾ കടന്ന് പോകാതിരുന്നത് മൂലം വൻ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് 6ന് കഴുതുരുട്ടി ഇരട്ടപ്പാലത്തിന് സമീപത്തായിരുന്നു സംഭവം. ട്രാക്കിന് സമീപത്തെ കട്ടിംഗിൽ നിന്ന കൂറ്റൻ തേക്ക് മരമാണ് ചുവട്ടിൽ നിന്ന് ഒടിഞ്ഞു പാളത്തിന് കുറുകേ വീണത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവേ ജീവനക്കാരെത്തി രാത്രി 8.30 ഓടെ മരം മുറിച്ച് മാറ്റി. ആറ് മാസം മുമ്പ് പുളിയറയ്ക്ക് സമീപത്തെ ട്രാക്കിൽ മരം കട പുഴകി വീണിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു മരം ഒടിഞ്ഞു വീണതെങ്കിൽ പാലരുവി ട്രെയിൻ അടക്കമുള്ളവ അപകടത്തിൽപ്പെടുമായിരുന്നു. ഇതിന് സമീപത്ത് നിരവധി കൂറ്റൻ മരങ്ങൾ അപകടഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്.