jeep
ഇടമൺ സബ്സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട് കൊക്കയിൽ മറിഞ്ഞ ജീപ്പ്

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ ഇടമൺ സബ് സ്റ്റേഷന് സമീപം നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ആര്യങ്കാവ് കരയാളർമത്ത് ചെല്ലത്തറ വീട്ടിൽ സജി എന്ന് വിളിക്കുന്ന ജോബിൻ(39), ഭാര്യ നീതു(28), ആറുവയസുകാരനായ മകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പുനലൂരിൽ നിന്ന് ആര്യങ്കാവിലേക്ക് പോകുകയായിരുന്നു ജീപ്പ്. എതിർദിശയിൽ നിന്നും രണ്ട് വാഹനങ്ങൾ ഒരെ പോലെ കടന്ന് വരുന്നത് കണ്ട് വെട്ടിച്ചു തിരിച്ച ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഓടിക്കൂടിയ സമീപവാസികളാണ് പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതിനാൽ നീതുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.