തൊടിയൂർ : താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ രചിച്ച ' പറഞ്ഞു തീരാതെ ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനം കരുനാപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ചേർന്ന സൗഹൃദ സദസിന്റെ സാന്നിദ്ധ്യത്തിൽ പ്രശസ്ത എഴുത്തുകാരി ഒ.വി. ഉഷ നിർവഹിച്ചു. കവി ചവറ കെ.എസ്. പിള്ള പുസ്തകം സ്വീകരിച്ചു. തനിക്ക് തികച്ചും അപരിചിതനായിരുന്ന വിജയകുമാർ ഈ കൃതിയിലൂടെ ഏറെ പരിചിതനായിക്കഴിഞ്ഞെന്നും, ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങളും അനുഭവങ്ങളും യഥാർത്ഥമായി അവതരിപ്പിച്ചിട്ടുള്ള കൃതിയാണ് 'പറഞ്ഞു തീരാതെ ജീവിതമെന്നും അവർ വ്യക്തമാക്കി. കാപക്സ് ചെയർമാൻ പി.ആർ. വസന്തൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ. നാസർ പുസ്തകം പരിചയപ്പെടുത്തി. ആർ. രാമചന്ദ്രൻ എം.എൽ.എ, ചവറ വിജയൻപിള്ള എം.എൽ.എ , ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി. സുകേശൻ, സി.ആർ. മഹേഷ്, പി. ചന്ദ്രശേഖരൻപിള്ള, അഡ്വ. പി.ബി. ശിവൻ, വി.പി. ജയപ്രകാശ് മേനോൻ , ആർ.കെ. ദീപ, അജിത്ത് സൈന്ധധവ എന്നിവർ സംസാരിച്ചു. സുരേഷ് വെട്ടുകാട് സ്വാഗതം പറഞ്ഞു. വി.കെ. ശശിധരന്റെ ഗാനാലാപനത്തോടെയാണ് പ്രകാശനച്ചടങ്ങ് ആരംഭിച്ചത്. കെ. ബാന്റിന്റെ 'ഓർമ്മയിൽ എന്നും' പഴയ ഗാനങ്ങളുടെ ആലാപനവും നടന്നു.