കൊല്ലം: വ്യക്തമായ രാഷ്ട്രീയ പ്രചാരണത്തിന് അതീതമായി വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങൾക്കായിരുന്നു ഇക്കുറി കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ മുഴക്കം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ സി.പി.എം ഏറ്റവും ശ്രദ്ധ കേന്ദ്രീകരിച്ച മണ്ഡലങ്ങളിലൊന്ന്. മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ നാലു മന്ത്രിമാർ മണ്ഡലത്തിൽ തമ്പടിച്ചായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ ബാലഗോപാലിനു വേണ്ടിയുള്ള തീവ്രപ്രചാരണം. യു.ഡി.എഫും എൻ.കെ പ്രേമചന്ദ്രനു വേണ്ടി ആവനാഴിയിലെ സർവ സന്നാഹങ്ങളും പ്രയോഗിച്ചു. ഇഞ്ചോടിഞ്ച് പൊരുതിയ മണ്ഡലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും വർദ്ധിച്ച ആത്മവിശ്വാസത്തോടെ വിജയം അവകാശപ്പെടുമ്പോൾ 2014 ലേതിനെക്കാൾ വോട്ട് ശതമാനം ഉയരുമെന്ന് ബി.ജെ.പി കേന്ദ്രങ്ങളും പ്രതീക്ഷ പുലർത്തുന്നു.
സിറ്റിംഗ് എം.പിയായ എൻ.കെ പ്രേമചന്ദ്രന് 2014 ൽ ലഭിച്ച 37,649 വോട്ടിന്റെ ഭൂരിപക്ഷം 50000 മുതൽ 62000 വരെ ആയി ഉയരുമെന്നാണ് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണയ്‌ക്ക് നല്ല വിശ്വാസം. സംസ്ഥാനത്ത് യു.ഡി. എഫ് തരംഗം അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ കൊല്ലത്തെ ഭൂരിപക്ഷം ഒരുലക്ഷത്തിലെത്തും. പ്രചാരണവേളയിൽ പ്രേമചന്ദ്രനു ലഭിച്ച സ്വീകാര്യതയാണ് ഈ ആത്മവിശ്വാസത്തിന് പിൻബലം.
വികസനം പറയാതെ വ്യക്തിയെ കേന്ദ്രീകരിച്ചായിരുന്നു സി.പി.എം പ്രചാരണം. പ്രേമചന്ദ്രനെ സംഘിയാക്കാനായിരുന്നു സി.പി.എം ശ്രമം. അതിനായി മന്ത്രിമാർ തന്നെ ചില പ്രത്യേക സമുദായക്കാരുടെ വീടുകളിൽ കയറിയിറങ്ങി ദുഷ്പ്രചാരണം നടത്തി. ഫലത്തിൽ ഇത് പ്രേമചന്ദ്രന് അനുകൂലമായി മാറി. പ്രേമചന്ദ്രനെതിരായ സംഘി പ്രചാരണം ബി.ജെ.പി അനുകൂല വോട്ടുകളും അദ്ദേഹത്തിനു കിട്ടാൻ സഹായകമായി- ബിന്ദു കൃഷ്‌ണ പറഞ്ഞു.
എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനുള്ളിൽ ചില അപശബ്‌ദങ്ങൾ ഉയരാറുണ്ട്. എന്നാൽ ഇക്കുറി അത്തരം അപശബ്‌ദങ്ങളൊന്നും ഉയർന്നില്ലെന്നത് ശുഭസൂചകമാണെന്നാണ് വിലയിരുത്തൽ. സിറ്റിംഗ് എം.പിമാരോട് ജനങ്ങൾക്കുണ്ടാകാറുള്ള അതൃപ്‌തി പ്രേമചന്ദ്രന്റെ കാര്യത്തിൽ തീരെയില്ല. പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ഇടപെടലുകളും വോട്ടർമാരെ കാര്യമായി സ്വാധീനിക്കുകയും ചെയ്‌തു.
പോളിംഗ് ശതമാനം ഉയർന്നതും സ്ത്രീകൾ കൂടുതലായി വോട്ടു ചെയ്യാനെത്തിയതും യു.ഡി.എഫിന് അനുകൂലമെന്നാണ് കരുതാം. കടുത്ത ഇടതുപക്ഷ ആഭിമുഖ്യമുള്ള ചടയമംഗലം, പുനലൂർ അസംബ്ളി മണ്ഡലങ്ങളിൽ യു.ഡി.എഫിന് ലീഡ് കുറയുമെങ്കിലും ചവറ, കൊല്ലം, ഇരവിപുരം, കുണ്ടറ, ചാത്തന്നൂർ മണ്ഡലങ്ങളിൽ നിന്ന് ലഭിക്കുന്ന ലീഡ് കൊണ്ട് ഇത് മറികടക്കുമെന്നും ബിന്ദുകൃഷ്‌ണ കണക്കുകൂട്ടുന്നു.
ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളും തങ്ങളുടെ കൈവശമുള്ളപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറിച്ചു സംഭവിക്കാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നു മാത്രമല്ല, ഇത്തവണ ഇടതുപക്ഷത്തിന് ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ടെന്നും സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ പറയുന്നു. രാഷ്ട്രീയമായും സംഘടനാപരമായും എൽ.ഡി.എഫ് വിപുലീകരിച്ചു. ആർ. ബാലകൃഷ്‌ണപിള്ളയുടെ കേരള കോൺഗ്രസ്- ബി, സി.എം.പി എന്നിവ ഇപ്പോൾ എൽ.ഡി.എഫിനൊപ്പമാണ്. ഈ ഘടകങ്ങൾക്കൊപ്പം സ്വീകാര്യനായ സ്ഥാനാർത്ഥിയും ചേരുമ്പോൾ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് അസംബ്ളി മണ്ഡലങ്ങളിലും കെ.എൻ ബാലഗോപാൽ വ്യക്തമായ ലീഡ് നേടും. ചടയമംഗലത്ത് 15000- ഉം പുനലൂരിൽ പതിനായിരവും ഭൂരിപക്ഷം നേടും. ചിട്ടയായ പ്രവർത്തനം നടത്തിയതിനാൽ ചവറയിലും ലീഡ് ലഭിക്കും. 62,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബാലഗോപാൽ വിജയിക്കും- കൃത്യമായി കൂട്ടിക്കിഴിച്ചുള്ള കണക്കാണ് സുദേവന്റേത്.
ബി.ജെ.പിയുമായി വോട്ടു കച്ചവടം നടത്തിയ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം തീരെ ദുർബലമായിരുന്നു. ഇതു തിരിച്ചറിഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങൾ എൽ.ഡി.എഫിനാണ് വോട്ടു ചെയ്‌തത്. പോളിംഗ് ശതമാനം വർദ്ധിച്ചത് എൽ.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനം മൂലമാണ്. യാത്രാസൗകര്യം വർദ്ധിച്ചതും വോട്ടു ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങളിലുണ്ടായ അവബോധവും അനുകൂല സാഹചര്യമായി.
കശുഅണ്ടി, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, വനിതാ സർവീസ് സംഘടന, വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ എന്നിവർ കൂടുതലായി എത്തി വോട്ടു ചെയ്‌തതിനാലാണ് വനിതാ വോട്ടർമാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. ശബരിമല വിഷയം ശരിക്കു ബോദ്ധ്യപ്പെടാത്ത യാഥാസ്ഥിതികരായ ചിലർ മറിച്ച് വോട്ടു ചെയ്‌തിട്ടുണ്ടാകാം. എന്നാൽ സുപ്രീം കോടതി വിധിയുടെ അന്തസത്ത മനസ്സിലാക്കിയ പൊതുസമൂഹം, ദളിതർ തുടങ്ങിയവർ എൽ.ഡി.എഫിനൊപ്പമായിരുന്നു.
എല്ലാവിധ ദുഷ്പ്രചാരണങ്ങളെയും അതിജീവിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി കെ.വി സാബുവിന്റെ വോട്ട് ശതമാനം ഉയരുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.ഗോപിനാഥ് പറഞ്ഞു. സി.പി.എം പ്രചരിപ്പിച്ചതുപോലെ ബി.ജെ.പി വോട്ട് പ്രേമചന്ദ്രന് മറിച്ചു കൊടുത്തിട്ടില്ല. ഇന്ത്യയിൽ മോദിയുടെ തുടർഭരണം ലഭിക്കാനാണ് 543 ലോക് സഭാ സീറ്റുകളിലും ബി. ജെ. പി നേതൃത്വം നൽകുന്ന എൻ.ഡി.എ മത്സരിക്കുന്നത്. സി.പി.എമ്മിനെപ്പോലെ അഞ്ചോ ആറോ സീറ്റിൽ ജയിക്കാനല്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് അസംബ്ളി മണ്ഡലങ്ങളിലുമായി 1.32 ലക്ഷം വോട്ട് ബി.ജെ.പിക്കു ലഭിച്ചിരുന്നു. കെ.വി സാബുവിന് അതിലും കൂടുതൽ വോട്ട് ലഭിക്കും. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും സി.പി.എമ്മും കോൺഗ്രസുമായി അവിഹിത സഖ്യം നിലവിലുണ്ടായിരുന്നു. അതിന്റെ ജാള്യം മറയ്‌ക്കാനാണ് സി.പി.എം കൊല്ലത്ത് വോട്ടു കച്ചവടമെന്ന ആരോപണം ബി.ജെ.പിക്കെതിരെ ഉന്നയിച്ചതെന്നും ഗോപിനാഥ് പറഞ്ഞു.
പോളിംഗ് ശതമാനം-
2019- 74.36 ശതമാനം
2014 - 72.1 ശതമാനം
വർദ്ധന- 2.26 ശതമാനം