കുന്നത്തൂർ: ദേശീയ പാതയോരത്തെ പൊതുകുളത്തിൽ കോഴിവേസ്റ്റ് തള്ളാനെത്തിയ വാഹനം പിടികൂടുകയും ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കരുനാഗപ്പള്ളി ആലുംകടവ് നമ്പരുവികാല തട്ടാര്പറമ്പിൽ വിജിൽ(28), നമ്പരുവികാല ഷാഹിതാ മൻസിലിൽ ഷാറൂൻ(25) എന്നിവരാണ് അറസ്റ്റിലായത്. ശൂരനാട് പുളിമൂട് ജംഗ്ഷനു സമീപത്തെ കുളത്തിൽ തള്ളാൻ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് മാലിന്യവുമായി വാഹനമെത്തിയത്. രാത്രി ഏറെ വൈകി മാലിന്യം നിറച്ച വാഹനം റോഡരികിൽ നിറുത്തിയിട്ട് പരിസരം വീക്ഷിച്ച ശേഷം പെട്ടന്ന് നിക്ഷേപിച്ച് മടങ്ങാറാണ് പതിവ്. ഇത് സംബന്ധിച്ച് ഏറെക്കാലമായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഈ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളലിന് അറുതിയില്ല. ശൂരനാട് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് വാഹനവും പ്രതികളും പിടിയിലായത്. പൊലീസ് പിടികൂടിയ വാഹനം മാലിന്യം നീക്കിയ ശേഷം ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച കോഴി വേസ്റ്റാണ് പുളിമൂട്ടിൽ നിക്ഷേപിക്കാനായി കൊണ്ടുവന്നത്.