ambulance
കേടായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ മോർച്ചറി പരിസരത്ത് ഉപേക്ഷിച്ചിരിക്കുന്ന ആംബുലൻസ്

കൊല്ലം: ജില്ലാ ആശുപത്രിയിൽ ആകെയുള്ള മൂന്ന് ആംബുൻസുകളിൽ ഒരെണ്ണം കട്ടപ്പുറത്തായി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല. എൻ. പീതാംബരക്കുറുപ്പ് എം.പിയായിരിക്കെ പ്രാദേശിക ഫണ്ട് വിനിയോഗിച്ച് വാങ്ങി നൽകിയ ഈ ആംബുലൻസ് ഇനി ഉപയോഗിക്കേണ്ടെന്ന് ഉറപ്പിച്ച് മോർച്ചറി പരിസരത്ത് ഉപേക്ഷിച്ചിരിക്കുകയാണ്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് റഫർ ചെയ്യുന്ന രോഗികൾ ആയിരങ്ങൾ നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ഓപ്പറേഷൻ തിയേറ്ററിന്റെ നവീകരണം നടക്കുന്നതിനാൽ ജില്ലാ ആശുപത്രിയിലേക്ക് വരുന്ന ഗുരുതരാവസ്ഥയിലുള്ളവരെയെല്ലാം ഇപ്പോൾ റഫർ ചെയ്യുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസുകൾ മണിക്കൂറുകൾ കഴിഞ്ഞേ മടങ്ങിവരാറുള്ളു. അതുകൊണ്ട് തന്നെ ഒരുദിവസം അഞ്ചിൽ താഴെ പേർക്ക് മാത്രമാണ് ഇപ്പോൾ ജില്ലാ ആശുപത്രിയിലെ ആംബുലൻസിന്റെ സേവനം ലഭ്യമാകുന്നത്. 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ഇവിടെ ആകെ മൂന്ന് ഡ്രൈവർമാരാണുള്ളത്. പലദിവസങ്ങളിലും രാത്രി ഒരു ഡ്രൈവറേ ഉണ്ടാകാറുള്ളു. ഈ ദിവസങ്ങളിൽ രണ്ടാമത്തെ ആംബുലൻസ് രോഗികൾക്ക് പ്രയോജനപ്പെടാറുമില്ല.
ഒരു കിലോ മീറ്ററിന് 13 രൂപയാണ് ജില്ലാ ആശുപത്രിയിലെ ആംബുലൻസ് വാടക. അതേസമയം സ്വകാര്യ ആംബുലൻസുകൾ നിശ്ചിത നിരക്കില്ലാതെ രോഗികളിൽ നിന്ന് പണം പിടിച്ചുപറിക്കുന്നതായി പരാതിയുണ്ട്.

'' ഇപ്പോൾ കേടായിക്കിടക്കുന്ന ആംബുലൻസ് രണ്ടര ലക്ഷം കിലോ മീറ്ററിലേറെ ഓടിയതാണ്. ഒന്നരലക്ഷം കിലോ മീറ്ററാണ് കമ്പനി പറഞ്ഞിരിക്കുന്ന പരമാവധി ദൂരം. ആതുകൊണ്ട് വിശദമായി ആലോചിച്ച ശേഷമേ അറ്റകുറ്റപ്പണി നടത്താനാകൂ.''

ഡോ. അനുരൂപ് (ആർ.എം.ഒ, ജില്ലാ ആശുപത്രി )