ഏതാനും കുത്തക മുതലാളിമാരുടെ അധീനതയിലായിരുന്ന കേരളത്തിലെ കശുഅണ്ടി വ്യവസായത്തെ അവരുടെ കൊടിയ ചൂഷണത്തിൽ നിന്ന് പാവപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനും, നിയമാനുസൃത കൂലിയും തൊഴിൽസ്ഥിരതയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് 1969 ൽ പൊതുമേഖലയിൽ രൂപം നൽകിയതാണ് കശുഅണ്ടി വികസന കോർപ്പറേഷൻ. അന്നത്തെ സർക്കാരിന്റെ ഇച്ഛാശക്തിയിൽ നിന്നുയർന്ന സ്ഥാപനം തുടക്കത്തിൽ ഒരു മാതൃകാ പൊതുമേഖലാ സ്ഥാപനമായിരുന്നു. ആദ്യം 34 ഫാക്ടറികൾ സ്വകാര്യ മുതലാളിമാരിൽ നിന്ന് ഏറ്റെടുത്ത് സ്ഥാപനത്തിന് കീഴിലാക്കി. തൊഴിലാളികൾക്കും വ്യവസായത്തിനും മാതൃകയായി തുടങ്ങിയ സ്ഥാപനത്തിന്റെ ആദ്യനാളുകൾ പ്രതീക്ഷ നൽകുന്നതായിരുന്നു. പ്രവർത്തനവും ലാഭത്തിൽ. ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി രൂപീകരിച്ച ഡയറക്ടർ ബോർഡും മാതൃകയായിരുന്നു. എന്നാൽ പിൽക്കാലത്ത് കോർപ്പറേഷനെ കുത്തുപാളയെടുപ്പിച്ചതും ഇതേ കൂട്ടുകെട്ടായിരുന്നു.
കോടികൾ മറിയുന്ന തോട്ടണ്ടി ഇറക്കുമതിക്കും പരിപ്പ് വില്പനയ്ക്കും കമ്മിഷൻ ഏർപ്പാട് വന്നതോടെ കോർപ്പറേഷൻ കോടികൾ വിഴുങ്ങുന്ന മറ്റൊരു വെള്ളാനയായി മാറി. എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ അഴിമതിയിൽ തുല്യപങ്കാളികളായി. മാറിമാറി വന്ന സർക്കാരുകളെല്ലാം ഇതിന് കൂട്ടുനിന്നതോടെ നഷ്ടക്കണക്കുകളുടെ കോർപ്പറേഷനായി മാറി. 2015 വരെയുള്ള കണക്ക് പ്രകാരം 1200 കോടിയിലേറെയാണ് കോർപ്പറേഷന്റെ നഷ്ടം. ഇപ്പോൾ 30 ഫാക്ടറികളാണ് കോർപ്പറേഷനുള്ളത്. 1984 ൽ കേരള സംസ്ഥാന കശുഅണ്ടി തൊഴിലാളി അപ്പക്സ് സഹ.സംഘം (കാപ്പക്സ്) രൂപീകരിച്ചു. 10 ഫാക്ടറികളുണ്ട് കാപ്പക്സിന്.
നഷ്ടക്കണക്ക് ഒഴിവാക്കാൻ കാഷ്യു ബോർഡ്
തോട്ടണ്ടി ഇടപാടിൽ വൻ ക്രമക്കേടും കോടികളുടെ നഷ്ടവും തുടർക്കഥയാവുകയും സി.ബി.ഐ അന്വേഷണം വരെ എത്തിയതിനെ തുടർന്നാണ് എൽ.ഡി.എഫ് സർക്കാർ കേരള കാഷ്യു ബോർഡ് രൂപീകരിച്ചത്. നഷ്ടക്കണക്കുകൾ കൂട്ടിച്ചേർക്കുന്നതിന് പകരം ലാഭമോ നഷ്ടമോ ഇല്ലാതെ പ്രവർത്തിക്കാനെങ്കിലും കഴിയാമല്ലോ എന്ന ചിന്തയും ബോർഡ് രൂപീകരണത്തിനു പിന്നിലുണ്ടായിരുന്നു. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി വിദേശത്ത് നിന്ന് നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്ത് കാഷ്യു കോപ്പറേഷനും കാപ്പക്സിനും നൽകുക, കൂടാതെ സ്വകാര്യ മുതലാളിമാർക്കും തോട്ടണ്ടി നൽകുമെന്നായിരുന്നു വാഗ്ദാനം. ഇടനിലക്കാർക്ക് കമ്മിഷനായി നൽകുന്ന കോടികൾ ലാഭിക്കാമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ തോട്ടണ്ടി ഇറക്കുമതിയുടെ കുത്തകാവകാശം വീണ്ടും സ്വകാര്യ മുതലാളിമാരിലേക്ക് കേന്ദ്രീകരിക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കാഷ്യു കോർപ്പറേഷനും കാപ്പക്സിൽ നിന്നും വ്യത്യസ്തമായി ബോർഡിനെ രാഷ്ട്രീയ വിമുക്തമാക്കാൻ ഒരു രാഷ്ട്രീയ പാർട്ടി പ്രതിനിധിയെയും ഉൾപ്പെടുത്താതെയാണ് ഡയറക്ടർ ബോർഡ് രൂപീകരിച്ചത്. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയുമായ പി. മാരപാണ്ഡ്യൻ സി.എം.ഡി ആയ ഡയറക്ടർ ബോർഡിൽ വ്യവസായ വകുപ്പ് ജോ. സെക്രട്ടറി ഇ.കെ . ശിവദാസൻ, ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീലത സുകുമാരൻ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, എം.ഡി. രാജേഷ് രാമകൃഷ്ണൻ, കാപ്പക്സ് എം.ഡി രാജേഷ് രാജു എന്നിവരെകൂടാതെ സ്വകാര്യ മുതലാളി പ്രതിനിധിയായി അൽഫോൺസ, കാഷ്യു ഇൻഡസ്ട്രീസ് പ്രൊപ്രൈറ്റർ ബാബു ഉമ്മൻ എന്നിവർ അംഗങ്ങളാണ്. ബോർഡിന്റെ അടച്ചുതീർത്ത മൂലധനം 47.60 കോടി രൂപയാണ്. സംസ്ഥാന സർക്കാരിന്റെ 24.50 കോടി രൂപ, കാഷ്യുകോർപ്പറേഷന്റെ 15 കോടി, കാപ്പക്സിന്റെ 5 കോടി, സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ 3 കോടി, ബാബു ഉമ്മന്റെ 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഓഹരി. വെറും 10 ലക്ഷം രൂപ മാത്രം ഓഹരിയുള്ള സ്വകാര്യ മുതലാളിയുടെ ബോർഡംഗത്വത്തിനെതിരെ വിവിധ ശ്രേണിയിലുള്ളവർ വിമർശനം ഉയർത്തിയിരുന്നു. സ്വകാര്യ മുതലാളിമാർക്കും കാഷ്യു ബോർഡ് തോട്ടണ്ടി നൽകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ഒരാളും ബോർഡിൽ നിന്ന് തോട്ടണ്ടി എടുത്തിട്ടില്ല. ബോർഡംഗമായ സ്വകാര്യ മുതലാളി പോലും തോട്ടണ്ടി എടുത്തിട്ടില്ലെന്നതാണ് വിമർശകർ ആയുധമാക്കുന്നത്.
ഒരു വർഷത്തെ പ്രവർത്തന നഷ്ടം 80 ലക്ഷം
കാഷ്യു കോർപ്പറേഷന്റെ പാതയിലൂടെ കാഷ്യു ബോർഡ് സഞ്ചരിക്കരുതെന്ന് വ്യവസായത്തെ സ്നേഹിക്കുന്നവർ ആഗ്രഹിച്ചതാണ്. എന്നാൽ കാഷ്യു ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തന നഷ്ടം 80 ലക്ഷത്തോളം രൂപയാണെന്ന കണക്ക് ഇതിനകം പുറത്തു വന്നതോടെ ബോർഡും ഒരു വെള്ളാനയായി മാറാനുള്ള യാത്രയിലാണോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റം പറയാനാകും ? വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കനുസരിച്ച് 79,63394.51 രൂപയാണ് ബോർഡിന്റെ 2017- 18 വർഷത്തെ നഷ്ടം. സി.എം.ഡി പി. മാരപാണ്ഡ്യൻ തോട്ടണ്ടി സംഭരിക്കാൻ ടാൻസാനിയ, ഐവറികോസ്റ്റ്, മൊസാംബിക്, ഘാന എന്നീ രാഷ്ട്രങ്ങളിലേക്ക് നടത്തിയ യാത്രയ്ക്ക് മാത്രം ചെലവായത് പതിനാറ് ലക്ഷത്തിലധികം (16,67552) രൂപയാണ്. പ്രതിമാസം 1,58,625 രൂപയാണ് റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനായ മാരപാണ്ഡ്യന്റെ ശമ്പളം. ഒൗദ്യോഗികാവശ്യത്തിന് ചീഫ് സെക്രട്ടറി പോലും ഇക്കണോമിക് ക്ളാസിൽ വിമാനയാത്ര നടത്തുമ്പോൾ കാഷ്യു ബോർഡ് സി.എം.ഡി യുടെ ബിസിനസ് ക്ളാസിലെ യാത്രയും വിവാദത്തിലാണ്.
ഇ ടെൻഡർ ഒഴിവാക്കാൻ പ്രത്യേക ഉത്തരവ്
അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സെയിൽസും പർച്ചേസുകളും ഇ - ടെൻഡർ ഇടപാടിലൂടെ മാത്രമേ പാടുള്ളുവെന്നാണ് സെൻട്രൽ വിജിലൻസിന്റെ നിബന്ധന. എന്നാൽ കാഷ്യു ബോർഡിൽ ഇ- ടെൻഡർ മറികടക്കാൻ സർക്കാർ പ്രത്യേക ഉത്തരവ് തന്നെ ഇറക്കി. വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് തോട്ടണ്ടി വാങ്ങുമ്പോൾ വിദേശത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇ- ടെൻഡറിൽ പങ്കെടുക്കാനാവില്ല. ഇന്ത്യയിലുള്ളവർക്കേ ഇ- ടെൻഡറിൽ പങ്കെടുക്കാൻ വ്യവസ്ഥയുള്ളു. ഇക്കാര്യം മന്ത്രിസഭയിൽ അവതരിപ്പിച്ച് മന്ത്രിസഭാ തീരുമാനമാക്കി. കാഷ്യു ബോർഡിൽ ഇ ടെൻഡർ നിബന്ധന ഒഴിവാക്കി പ്രത്യേക സർക്കാർ ഉത്തരവായി പുറത്തിറങ്ങുകയും ചെയ്തു. തുടർന്നാണ് സീൽഡ് ടെൻഡർ സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ കാഷ്യു ബോർഡിൽ ഇതുവരെ നടന്ന തോട്ടണ്ടി ഇടപാടുകളുടെ ടെണ്ടറുകളിൽ പങ്കെടുത്തവരെല്ലാം കൊല്ലത്തും പരിസരത്തുമുള്ള സ്വകാര്യ മുതലാളിമാരാണ്. ഇവർ വിദേശത്ത് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിൽ ലോക്കൽ ടെണ്ടറാണ് നൽകിയത്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വഴി നടത്തുന്ന ഇ ടെൻഡർ ഇടപാടിൽ യാതൊരു കൃത്രിമവും കാട്ടാനാവില്ല. എന്നാൽ സീൽഡ് ടെൻഡറിന് അത്രയും വിശ്വാസ്യതയില്ലെന്നാണ് വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നത്. കാഷ്യു ബോർഡ് ഇതുവരെ നടത്തിയത് അഞ്ച് ഇടപാടുകളാണ്. അതെക്കുറിച്ച് നാളെ
(തുടരും)