sndp
എസ്.എൻ.ഡി.പി യോഗം 1022-ാം നമ്പർ ഒഴുകുപാറ ശാഖാ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ഗുരുദേവ ദർശനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് ഗുരു മന്ദിരങ്ങൾ കേന്ദ്രീകരിച്ച് പഠനകേന്ദ്രങ്ങൾ തുടങ്ങണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം വിശാലാനന്ദ സ്വാമി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 1022-ാം നമ്പർ ഒഴുകുപാറ ശാഖാ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുദേവ ഭക്തർ അറിവ് സമ്പാദിക്കുന്നതോടൊപ്പം ദർശനങ്ങൾ ആഴത്തിൽ പഠിക്കുകയും മറ്റുള്ളവർക്ക് പകർന്ന് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് ടി.എസ്. രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അസി.സെക്രട്ടറി കെ. നടരാജൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി കെ. സുജയ്‌ കുമാർ, ശാഖാ പ്രസിഡന്റ് എസ്. അനിൽകുമാർ, വനിതാസംഘം ശാഖാ സെക്രട്ടറി സുശീല എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ബി. സുരേന്ദ്രൻ സ്വാഗതവും വനിതാസംഘം ശാഖാ പ്രസിഡന്റ് ഷൈലജ നന്ദിയും പറഞ്ഞു.

പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി ഗുരുദേവ ഭാഗവത പാരായണം, ഗുരുപൂജ, സമൂഹപ്രാർത്ഥന, അന്നദാനം, പായസസദ്യ എന്നിവ നടന്നു.