ഏത് തിരഞ്ഞെടുപ്പ് വന്നാലും കൊല്ലത്ത് കശുഅണ്ടി മേഖലയിലെ പ്രശ്നങ്ങൾ പ്രധാന ചർച്ചയാകാറുണ്ട്. എന്തുകൊണ്ടെന്നറിയില്ല, ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കശുഅണ്ടി വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ഒരു മുന്നണിയും താത്പര്യം കാട്ടിയില്ല.
കശുഅണ്ടി മേഖലയിൽ എല്ലാം ശുഭകരമാണെന്ന ് ഇതുകൊണ്ടർത്ഥമില്ല. മുമ്പത്തെക്കാൾ പ്രതിസന്ധികളുടെ നടുവിലാണ് വ്യവസായ മേഖല. മൂന്ന് ലക്ഷത്തോളം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന വലിയൊരു വോട്ടുബാങ്കിൽ ഒരു മുന്നണിയും കാര്യമായ താത്പര്യം കാട്ടാതിരുന്നത് ദുരൂഹമാണ്. എക്കാലത്തും ഭരണകക്ഷിയെയാണ് വിമർശകർ പ്രതിക്കൂട്ടിലാക്കാറുള്ളത് . സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫാകട്ടെ തന്ത്രപൂർവം കശുഅണ്ടി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് അർത്ഥഗർഭമായ മൗനം പാലിച്ചപ്പോൾ അവസരം മുതലാക്കാൻ യു.ഡി.എഫ് ഒരു ശ്രമം പോലും നടത്തിയുമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പ്രതീക്ഷിച്ചിരിക്കുന്ന ഒരു മാസത്തെ ഇടവേളയിൽ കശുഅണ്ടി മേഖലയിലെ പ്രശ്നങ്ങൾ ഒന്നൊന്നായി തല പൊക്കുകയാണ്. ചിലതൊക്കെ വിവാദമായും മാറുന്നു.
അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാരിന് ഇതുവരെ അക്കാര്യത്തിൽ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ മുൻകൈയ്യെടുത്ത് കുറെ ശ്രമങ്ങൾ ഇതിനായി നടത്തിയെങ്കിലും വൻകിട സ്വകാര്യമുതലാളിമാരെ മെരുക്കി കാലങ്ങളായി അടച്ചിട്ടിരിക്കുന്ന ഫാക്ടറികൾ തുറക്കാനോ ചെറുകിട സംരംഭകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ സാധിച്ചിട്ടില്ല.
പൊതുമേഖലാ സ്ഥാപനമായ കശുഅണ്ടി വികസന കോർപറേഷനും, സഹകരണ അപ്പക്സ് സ്ഥാപനമായ കാപ്പക്സും ചേർന്ന് നടത്തുന്ന 40 ഫാക്ടറികൾ ഇടയ്ക്കിടെ പ്രവർത്തിപ്പിക്കുന്നു എന്നതാണ് നേരിയ ആശ്വാസം. കാഷ്യു കോർപറേഷനും കാപ്പക്സും നടത്തിയ തോട്ടണ്ടി ഇടപാടുകൾ എക്കാലത്തും വിവാദമാകുകയും കോടികളുടെ അഴിമതി ആരോപണം ഉയരുന്നതുമാണ് ചരിത്രം. കോടികൾ മുടക്കുന്ന തോട്ടണ്ടി ഇടപാടിന്റെ ബാലൻസ് ഷീറ്റിൽ നഷ്ടക്കണക്കുകൾ എഴുതി ച്ചേർക്കുന്നതല്ലാതെ തൊഴിലാളികൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായതായി കേട്ടുകേൾവി പോലുമില്ല. നഷ്ടം നികത്താൻ സർക്കാരുകൾ അടിക്കടി കോടികളുടെ സഹായം നൽകുമെങ്കിലും തൊഴിലാളികളെ മുൻ നിറുത്തി രാഷ്ട്രീയകക്ഷികളും ട്രേഡ് യൂണിയൻ നേതാക്കളും നടത്തിയിട്ടുള്ള അഴിമതിക്കഥകൾക്ക് പഞ്ഞമില്ല.
കാഷ്യു ബോർഡിലും സംശയത്തിന്റെ കാർമേഘം
കാഷ്യു കോർപറേഷനും കാപ്പക്സും നടത്തുന്ന തോട്ടണ്ടി ഇടപാടുകൾ അവസാനിക്കുന്നത് അഴിമതിയിലും കോടികളുടെ നഷ്ടക്കണക്കിലുമായിരിക്കും. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതിനൊരു അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2017 ൽ കേരള കാഷ്യു ബോർഡിന് രൂപം നൽകിയത്. ഇടനിലക്കാരെയും കമ്മിഷൻ ഏർപ്പാടിനെയും ഒഴിവാക്കി വിദേശത്ത് നിന്ന് നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്ത് കാഷ്യു കോർപറേഷനും കാപ്പക്സിനും നൽകുന്നതിനൊപ്പം സ്വകാര്യ മുതലാളിമാർക്കും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബോർഡ് രൂപീകരിച്ചത്. മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ പ്രത്യേക താത്പര്യവും ഇതിനു പിന്നിലുണ്ടായിരുന്നു. എന്നാൽ കാഷ്യു ബോർഡ് നടത്തുന്ന തോട്ടണ്ടി ഇടപാടുകളെക്കുറിച്ചും സംശയത്തിന്റെ കാർമേഘം പരക്കുകയാണിപ്പോൾ. ഇക്കഴിഞ്ഞ ജനുവരിയിൽ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ നിന്ന് ഇറക്കുമതി ചെയ്ത 3086 മെട്രിക് ടൺ (1 മെട്രിക് ടൺ- 1000 കിലോഗ്രാം) തോട്ടണ്ടിയുടെ ഇടപാട് 40 കോടിയുടേതാണ്. ഇത്രയും തോട്ടണ്ടിയുടെ ഇടപാടിൽ 17 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന ആരോപണമാണിപ്പോൾ ഉയർന്നിരിക്കുന്നത്. ഗുണമേന്മയില്ലാത്ത തോട്ടണ്ടി ഉയർന്നവില നൽകി ഇറക്കുമതി ചെയ്തപ്പോഴും സംസ്കരിച്ചപ്പോഴുമാണ് ഇത്രയും നഷ്ടം നേരിട്ടത്. 2017 മേയിൽ രൂപീകരിച്ച കാഷ്യു ബോർഡ് 2018 സെപ്തംബറിൽ നടത്തിയ ആദ്യ ഇടപാടിൽ വാങ്ങിയ 3100 മെട്രിക് ടൺ തോട്ടണ്ടി സംസ്കരിച്ചപ്പോൾ 3 കോടി രൂപയുടെ നഷ്ടം നേരിട്ടുവെന്ന ആരോപണം നിലനിൽക്കെയാണിത്.
ജനുവരിയിൽ കാഷ്യു ബോർഡ് ക്ഷണിച്ച ടെൻഡറിൽ കേരളത്തിലെ ഒരു സ്വകാര്യ മുതലാളിയുടെ സ്ഥാപനം ക്വോട്ട് ചെയ്ത കുറഞ്ഞ തുകയായ മെട്രിക് ടണ്ണിന് 1525 ഡോളറിന് ഉറപ്പിച്ചു. വീണ്ടും 10 ഡോളർ കുറച്ച് 1515 ഡോളറിൽ ഇടപാട് ഉറപ്പിച്ചു. 50 'ഔട്ട് ടേണും" 190 'കൗണ്ടും" ഉള്ള തോട്ടണ്ടി ലഭ്യമായിരിക്കെ ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരുന്ന പഴയ തോട്ടണ്ടിയാണത്രെ വാങ്ങാൻ നിശ്ചയിച്ചത്. അതായത് 46 ഔട്ട് ടേണും 200 കൗണ്ടുമുള്ള തോട്ടണ്ടിയാണ് വാങ്ങിയതെന്നാണ് ആരോപണം. നിലവാരമില്ലാത്ത ഈ തോട്ടണ്ടി ഏറ്റെടുക്കരുതെന്ന് പല സ്വകാര്യ വ്യവസായികളും കാഷ്യുബോർഡിന് നൽകിയ മുന്നറിയിപ്പ് അവഗണിച്ചതായും ആക്ഷേപമുണ്ട്.
ഏതായാലും ഈ തോട്ടണ്ടി നാട്ടിലെത്താൻ രണ്ട് മാസത്തോളം കാലതാമസം നേരിട്ടു. നാട്ടിലെത്തിയപ്പോഴാകട്ടെ അന്താരാഷ്ട്ര വിപണിയിൽ തോട്ടണ്ടി വില ഗണ്യമായി ഇടിഞ്ഞു. ഇറക്കിയ തോട്ടണ്ടിയിൽ 2000 മെട്രിക് ടൺ കാഷ്യു കോർപ്പറേഷനും 1000 മെട്രിക് ടൺ കാപ്പക്സിനും നൽകി.
തോട്ടണ്ടിക്കൊപ്പം പുന്നയ്ക്കയും
ഫാക്ടറികളിൽ സംസ്കരിച്ചപ്പോൾ തന്നെ തോട്ടണ്ടിയുടെ ഗുണമേന്മയില്ലായ്മ ബോദ്ധ്യപ്പെട്ടു. തോട്ടണ്ടിക്കൊപ്പം പുന്നയ്ക്കയും ഉണ്ടായിരുന്നതായാണ് ഫാക്ടറികളിൽ നിന്ന് ലഭിച്ച വിവരം. 50 ഔട്ട് ടേണുള്ള ഒരു ചാക്ക് തോട്ടണ്ടി (80 കിലോഗ്രാം) സംസ്കരിച്ചാൽ 23 കിലോഗ്രാം പരിപ്പ് കിട്ടേണ്ടിടത്ത് 46 ഔട്ട് ടേൺ തോട്ടണ്ടിക്ക് 13- 14 കിലോഗ്രാം പരിപ്പ് മാത്രമാണ് ലഭിച്ചത്. തോട്ടണ്ടിയിൽ 17 ശതമാനത്തോളം തിരിവ് വന്നത് മറ്റൊരു തിരിച്ചടിയായി. കാഷ്യു കോർപറേഷൻ മുമ്പ് നടത്തുന്ന തോട്ടണ്ടി ഇടപാടുകളിൽ തിരിവ് വന്നാൽ ടെൻഡർ തുകയിൽ നിന്ന് തിരിവിന്റെ തുക കുറവ് ചെയ്ത് നൽകാറുണ്ട്. ടെൻഡറിൽ ഇതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്താറുണ്ട്. എന്നാൽ കാഷ്യു ബോർഡ് നടത്തിയ ഇടപാടിൽ തിരിവ് സംബന്ധിച്ച കാര്യം ടെൻഡർ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നതാണ് മറ്റൊരാരോപണം. ടെൻഡർ വ്യവസ്ഥയിലെ ഈ പിഴവിലൂടെ മാത്രം 4 കോടിയോളം രൂപയുടെ നഷ്ടം നേരിട്ടതായാണ് വിലയിരുത്തൽ.
ഔട്ട് ടേണും കൗണ്ടും
തോട്ടണ്ടി സംസ്കരിച്ചു കഴിയുമ്പോൾ നിശ്ചിത തൂക്കം മേൻമയുള്ള പരിപ്പ് ലഭിക്കണം. പരിപ്പിന്റെ മേൻമയെ 'ഔട്ട് ടേൺ" എന്ന തോതിലാണ് കണക്കാക്കുന്നത്. അത് കുറഞ്ഞിരുന്നാൽ മേൻമയുള്ള പരിപ്പിന്റെ അളവും കുറഞ്ഞിരിക്കും. കൂട്ടിയിട്ടിരിക്കുന്ന കശുഅണ്ടിയിൽ ചിലതെടുത്ത് വെട്ടിനോക്കി (കട്ടിംഗ് ടെസ്റ്റ്) പരിപ്പിന്റെ നിലവാരം പരിശോധിച്ചാണ് 'ഔട്ട് ടേൺ' നിശ്ചയിക്കുന്നത്. ഒരു കിലോഗ്രാം തോട്ടണ്ടി തൂക്കി എണ്ണിയാൽ 190 എണ്ണം ലഭിച്ചാൽ കൗണ്ട് കുറയും. ഗുണമേന്മ കൂടും, 200 എണ്ണമാണെങ്കിൽ കൗണ്ട് കൂടും, ഗണമേന്മ കുറയും. ജനുവരിയിൽ വാങ്ങിയ 3086 ടൺ തോട്ടണ്ടിയുടെ ഔട്ട്ടേൺ 46 ഉം കൗണ്ട് 200 ഉം ആയിരുന്നു. കാഷ്യു ബോർഡും ഒരു വെള്ളാനയാവുകയാണോ ?
(തുടരും)