കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷൻ ഉത്പന്നങ്ങളുടെ വിപണനശാഖ കോർപ്പറേഷന്റെ ഇരിങ്ങാലക്കുടയിലെ പത്താം നമ്പർ പുല്ലൂർ ഫാക്‌ടറിയിൽ തുറന്നു. വിവിധയിനം കശുഅണ്ടി പരിപ്പ്, മൂല്യവർദ്ധിത ഉത്പന്നങ്ങായ ചോക്കോകാജു, മിൽക്കികാജു, കശുമാങ്ങയിൽ നിന്നുള്ള കാഷ്യുസോഡ, കാഷ്യു ആപ്പിൾജാം എന്നിവ ഔട്ട്ലറ്റിലൂടെ ന്യായവിലയ്ക്ക് ലഭ്യമാകും. മദ്ധ്യകേരളത്തിൽ കശുഅണ്ടി പരിപ്പിന്റെ ആഭ്യന്തരവിപണി വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഔട്ട്ലറ്റ് ആരംഭിച്ചതെന്ന് ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. നല്ല കശുഅണ്ടി പരിപ്പ് ലഭിക്കാൻ കൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ചും ത്യശൂർ പൂരത്തിനും കോർപ്പറേഷൻ പ്രത്യേക സ്റ്റാളുകൾ തുറക്കും.
പൂല്ലൂർ ഫാക്ടറിയിൽ നടന്ന ചടങ്ങ് എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്‌തു. ഭരണസമിതി അംഗങ്ങളായ ജി. ബാബു, കാഞ്ഞിരവിള അജയകുമാർ, മെറ്റീരിയൽസ് മാനേജർ സുനിൽജോൺ, പേഴ്സണൽ മാനേജർ എസ്. അജിത്ത്, അസിസ്റ്റന്റ് പേഴ്സണൽ മാനേജർ എ. ഗോപകുമാർ, ട്രേഡ് യൂണിയൻ നേതാക്കളായ ദിവാകരൻ, സുന്ദരൻ, ഗംഗാദേവി, ഫാക്‌ടറി മാനേജർ ഷേർഷാ സൈനുലാബ്‌ദീൻ തുടങ്ങിയവർ പങ്കെടുത്തു.