അഞ്ചാലുംമൂട്: കുടിവെള്ളത്തിനായി നാട്ടുകാർ പരക്കം പായുമ്പോൾ കാഞ്ഞാവെളി - പ്രാക്കുളം റോഡിൽ പ്രാക്കുളം ബോട്ട് ജെട്ടി ജംഗ്ഷന് സമീപം ഒരു മാസമായി പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. വാർഡ് മെമ്പറെയും വാട്ടർ അതോറിറ്റി അധികൃതരെയും വിവരമറിയിച്ചിട്ട് ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് മുറിച്ച് പൈപ്പ് ലൈൻ സ്ഥാപിച്ചപ്പോൾ ഉണ്ടായ അപാകതയാണ് പൈപ്പ് ലൈൻ പൊട്ടാൻ കാരണമെന്നും വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് നടപടികൾ ഉണ്ടായില്ലെന്നുമാണ് വാർഡ് മെമ്പർ പറയുന്നത്.
വെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡുകളിൽ കുഴികൾ രൂപപ്പെടുകയും ഇത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഉൾപ്പെടെ അപകടഭീഷണി ഉയർത്തുകയുമാണ്. പ്രാക്കുളം ഉൾപ്പെടെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാകുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം കുടിവെള്ളം പാഴായിപ്പോകുന്നത്.
അടിയന്തരമായി പ്രശ്നം പരിഹരിക്കുകയും പ്രദേശത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.