കാഷ്യു ബോർഡ് രൂപീകരിച്ച ശേഷം ഇതുവരെ അഞ്ച് ടെൻഡറുകളിലായി 17296 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതിക്കുള്ള കരാറിലാണ് ഏർപ്പെട്ടത്. ഗിനിബസോവോയിൽ നിന്ന് 2860 മെട്രിക് ടണ്ണാണ് ആദ്യം ഇറക്കുമതി ചെയ്തത്. തുടർന്ന് മൊസാംബിക്കിൽ നിന്ന് ഇറക്കുമതി ചെയ്ത 3086 മെട്രിക് ടൺ തോട്ടണ്ടി ഇടപാടാണിപ്പോൾ വിവാദത്തിലായത്. തുടർന്ന് മൂന്ന് ടെൻഡറുകളിൽ നിന്നായി ഘാനയിൽ നിന്നുള്ള തോട്ടണ്ടി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുകയാണ്. 3100, 3200, 5050 മെട്രിക് ടൺ വീതമാണ് ഘാന തോട്ടണ്ടിയുടെ കരാർ. ഏതായാലും ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്ന ഘാന തോട്ടണ്ടിയുടെ ഗുണനിലവാരത്തെക്കുറിച്ച് ഇതുവരെ പരാതികളൊന്നും ഉയർന്നിട്ടില്ല.
കാപ്പക്സിലും തോട്ടണ്ടി വിവാദം
കാഷ്യു ബോർഡിന്റെ തോട്ടണ്ടി ഇടപാടിലെ വിവാദം നിലനിൽക്കെ കാപ്പക്സ് അടുത്തിടെ നടത്തിയ തോട്ടണ്ടി ഇടപാടും മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കാഷ്യു കോർപ്പറേഷനും കാപ്പക്സിനും തോട്ടണ്ടി വാങ്ങി നൽകാനാണ് കാഷ്യുബോർഡ് രൂപീകരിച്ചതെന്നിരിക്കെ അത് മറികടന്ന് 500 ടൺ തോട്ടണ്ടിയാണ് കാപ്പക്സ് വാങ്ങിയത്. കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ കാഷ്യു കോർപ്പറേഷനും കാപ്പക്സിനും കിലോഗ്രാമിന് പരമാവധി 123 രൂപ നിരക്കിൽ തോട്ടണ്ടി വാങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കിലോഗ്രാമിന് 126.50 രൂപ പ്രകാരം 500 ടൺ നാടൻ തോട്ടണ്ടി കാസർകോട് നിന്ന് കാപ്പക്സ് വാങ്ങി. പൊതുവെ തോട്ടണ്ടിവിലയിൽ ഗണ്യമായ ഇടിവുണ്ടായ സമയമാണിത്. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള തോട്ടണ്ടി 1040 ഡോളറിനു വരെ ലഭ്യമാണെന്നാണ് വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നത്. കിലോഗ്രാമിന് 100 രൂപ വരെയെത്തിയ ഘട്ടത്തിൽ കാപ്പക്സ് 126.50 രൂപയ്ക്ക് നാടൻ തോട്ടണ്ടി വാങ്ങിയ ഇടപാടിനെക്കുറിച്ച് ദുരൂഹതയേറുകയാണ്. കശുമാവ് കർഷകരെ സഹായിക്കാനെന്ന പേരിൽ വാങ്ങിയ നാടൻ തോട്ടണ്ടി യഥാർത്ഥത്തിൽ നാടൻ തോട്ടണ്ടിയല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കാപ്പക്സിന്റെ ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തോട്ടണ്ടി വാങ്ങാനുള്ള അജണ്ട ചർച്ച ചെയ്യും മുമ്പ് ഇടപാട് നടന്നെന്ന ഗുരുതരമായ ആരോപണവുമുണ്ട്.
ഡയറക്ടർ ബോർഡുകളിൽ അസ്വസ്ഥത
തോട്ടണ്ടി വാങ്ങാനുള്ള ചുമതല കാഷ്യുബോർഡിൽ നിക്ഷിപ്തമായതോടെ കാഷ്യു കോർപ്പറേഷന്റെയും കാപ്പക്സിന്റെയും ഡയറക്ടർ ബോർഡുകളിൽ അസ്വസ്ഥത പടരുകയാണ്. കാലങ്ങളായി തോട്ടണ്ടി ഇടപാട് നടത്തിയിരുന്നത് ഇരുസ്ഥാപനങ്ങളുടെയും ഡയറക്ടർ ബോർഡ് യോഗ തീരുമാന പ്രകാരമാണ്. ഡയറക്ടർ ബോർഡിലെ ഭരണ, പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികൾക്ക് തോട്ടണ്ടി ഇടപാടുകൾ ചാകരക്കോള് പോലെയായിരുന്നു. ഇടപാടുകളിൽ ലഭിക്കുന്ന വൻ കമ്മിഷൻ വീതംവയ്പിൽ ഭരണ, പ്രതിപക്ഷ വ്യത്യാസവുമില്ലായിരുന്നു. മുൻകാലങ്ങളിൽ ചെയർമാനും എം.ഡിയും ചേർന്ന് തോട്ടണ്ടി വാങ്ങാൻ ഇടപാട് നടത്തിയ ശേഷം ഡയറക്ടർ ബോർഡ് തീരുമാനമായി മിനിറ്റ്സിൽ രേഖപ്പെടുത്തിയ കീഴ്വഴക്കം പോലുമുണ്ട്. കാഷ്യു ബോർഡ് രൂപീകരിച്ചതോടെ ഡയറക്ടർബോർഡ് യോഗം വഴിപാട് പോലെയായെന്നാണ് പിന്നാമ്പുറ സംസാരം.
കാഷ്യു ബോർഡിന്റെ തോട്ടണ്ടി ഇടപാട് സംബന്ധിച്ച വിവാദം ആളിക്കത്തിച്ചതിൽ ഡയറക്ടർ ബോർഡിലെ അസ്വസ്ഥതയും കാരണമാണെന്നത് രഹസ്യമല്ല. പരിപ്പ് വില്പന കൂടി കാഷ്യു ബോർഡിൽ നിക്ഷിപ്തമാക്കാൻ ആലോചന നടക്കുകയാണ്. അങ്ങനെ വന്നാൽ കാഷ്യു ബോർഡിലും കാപ്പക്സിലും ഡയറക്ടർ ബോർഡിന്റെ പ്രസക്തി ഇല്ലാതാകുമെന്ന ഉത്ക്കണ്ഠയുമുണ്ട്. കാഷ്യു ബോർഡിനെതിരെ ഇത്രയേറെ ആരോപണങ്ങൾ ഉയരുകയും കാപ്പക്സിന്റേതടക്കം തോട്ടണ്ടി ഇടപാട് വിവാദമായിട്ടും സി.പി.എം നേതൃത്വമോ ഇടത് ട്രേഡ് യൂണിയനുകളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാഷ്യു ബോർഡിനെതിരെ ഉയർന്ന ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി നിജസ്ഥിതി പുറംലോകത്തെ അറിയിക്കാനുള്ള നീക്കവും കാഷ്യു ബോർഡ് അധികൃതരിൽ നിന്നുണ്ടായിട്ടില്ല. പകരം വിമർശകരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വ്യവസായത്തിന് ഭീഷണിയായി പരിപ്പ് ഇറക്കുമതി
സംസ്കരിച്ച കശുഅണ്ടി പരിപ്പിന്റെ ഇറക്കുമതി കശുഅണ്ടി വ്യവസായത്തിന് പുതിയ ഭീഷണി ഉയർത്തുകയാണ്. വിയറ്റ്നാം, മൊസാംബിക് എന്നിവിടങ്ങളിൽ നിന്ന് കാലിത്തീറ്റ എന്ന വ്യാജേന അയൽ സംസ്ഥാന തുറമുഖങ്ങൾ വഴിയാണ് ഇറക്കുമതി. കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി പരിപ്പ് ലഭിക്കുന്നതിനാൽ സംസ്ഥാനത്ത് പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിക്കുന്ന പരിപ്പിന് വിപണിയിൽ ഡിമാൻഡ് കുറയുന്നു. ഇറക്കുമതി കൂടിയപ്പോൾ 2013 ൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 45 ശതമാനം നികുതി മറികടക്കാനാണ് കാലിത്തീറ്റയെന്ന പേരിലെ ഇറക്കുമതി. ഇത്തരം തട്ടിപ്പ് കണ്ടെത്താൻ പരിശോധനകളും വിരളമാണ്. വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കശുഅണ്ടി വ്യവസായത്തിൽ പൂർണ യന്ത്രവത്കരണം നടപ്പായതിനാൽ ഉല്പാദന ചെലവ് കുറവാണ്. 40 ശതമാനം വരെ വിലക്കുറവിൽ ഇറക്കുമതി പരിപ്പ് ലഭിക്കുമ്പോൾ കൊല്ലത്തെ കശുഅണ്ടി പരിപ്പാണ് പ്രതിസന്ധി നേരിടുന്നത്.
ലക്ഷ്യം കാഷ്യു ബോർഡിനെ തകർക്കൽ: മന്ത്രി
കാഷ്യു ബോർഡിനും ബോർഡ് നടത്തിയ തോട്ടണ്ടി ഇടപാടിനെയും കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കശുഅണ്ടി വ്യവസായത്തിന്റെ ചുമതലയുള്ള മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കഴിഞ്ഞകാലങ്ങളിൽ തോന്നിയപോലെ വ്യവസായം നടത്തിയവർക്ക് ഇപ്പോഴത്തെ കുറ്റമറ്റരീതിയോട് പൊരുത്തപ്പെടാനാകുന്നില്ല. അവർക്ക് കാഷ്യുബോർഡിനെ തകർത്ത് വീണ്ടും പഴയ സ്ഥിതിയിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. സ്ഥാപിതതാത്പര്യമുള്ള ചില തൊഴിലാളി സംഘടനകളും വൻകിട കശുഅണ്ടി മുതലാളിമാരും ചേർന്നാണ് കാഷ്യു ബോർഡിനെ തകർക്കാൻ ശ്രമിക്കുന്നത്. മൊസാംബിക്കിൽ നിന്ന് ഇറക്കുമതി ചെയ്ത തോട്ടണ്ടി ഇടപാടിൽ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. 46 ഔട്ട് ടേണുള്ള തോട്ടണ്ടിയെന്ന് പറഞ്ഞു തന്നെയാണ് കരാർ നൽകിയത്. ആ സീസണിൽ ആ നിലവാരത്തിലുള്ള തോട്ടണ്ടിയേ ലഭിക്കുമായിരുന്നുള്ളു. അതിൽ എന്തെങ്കിലും പോരായ്മയുണ്ടായെങ്കിൽ അത് പരിഹരിയ്ക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്. മുൻകാലങ്ങളിൽ കാഷ്യു കോർപ്പറേഷനിൽ 52 ഔട്ട് ടേൺ എന്ന് പറഞ്ഞ് 42 ഔട്ട് ടേൺ തോട്ടണ്ടി വാങ്ങിയവരുണ്ട്. അഞ്ച് വർഷം തുടർച്ചയായി ഒരു സ്വകാര്യ മുതലാളിയിൽ നിന്ന് തന്നെ തോട്ടണ്ടി വാങ്ങിയ ചരിത്രവുമുണ്ട്. അവരാണിപ്പോൾ ബോർഡിനെതിരെ വാളോങ്ങുന്നത്. കാഷ്യു കോർപ്പറേഷനും കാപ്പക്സും മുമ്പ് തോട്ടണ്ടി വാങ്ങിയ വിലയും കാഷ്യു ബോർഡ് നിലവിൽ വന്ന ശേഷം വാങ്ങിയ തോട്ടണ്ടിയുടെയും വിലകൾ താരതമ്യം ചെയ്താൽ വ്യത്യാസം മനസിലാകും.
ഗിനിബസ്സാവോയിൽ നിന്ന് കിലോക്ക് 126 രൂപയ്ക്കും മൊസ്സാംബികിൽ നിന്ന് 105 രൂപയ്ക്കും ഘാനയിൽ നിന്ന് രണ്ടു ഘട്ടങ്ങളായി 98, 91 രൂപയ്ക്കുമാണ് തോട്ടണ്ടി കാഷ്യു ബോർഡ് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഇനി ഇറക്കുമതി ചെയ്യുന്ന ഘാന തോട്ടണ്ടി കിലോയ്ക്ക് 70 രൂപ മാത്രമാണ് നൽകേണ്ടി വരുക. ഗിനിബസ്സാവോ തോട്ടണ്ടി രണ്ടു ഘട്ടങ്ങളായി 2017-ൽ കാഷ്യു കോർപ്പറേഷൻ വാങ്ങിയത് കിലോഗ്രാമിന് യഥാക്രമം 167 ഉം 163 ഉം രൂപയ്ക്കായിരുന്നു.
വ്യവസായരംഗത്തുള്ള ബോർഡിന്റെ ഇടപെടൽ നിക്ഷിപ്ത താല്പര്യങ്ങളുള്ള ചില തൊഴിലാളി സംഘടനകളെയും ചില മുതലാളിമാരെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. സർക്കാരിനെ വഞ്ചിക്കാനാണ് ശ്രമം. കാഷ്യു ബോർഡ് നടത്തുന്ന തോട്ടണ്ടി ഇടപാടിന് സുതാര്യമായ വ്യവസ്ഥകളാണുള്ളത്. ഇ ടെണ്ടർ ഒഴിവാക്കിയെന്ന പ്രചാരണവും ശരിയല്ലെന്നും മന്ത്രി പറഞ്ഞു.