babukuttan
ഡോ. ബാബുക്കുട്ടൻ ഗുരുദേവചിത്ര രചനയിൽ

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ ചിത്രം വരയ്ക്കാതെ ഡോ. ബാബുക്കുട്ടന്റെ ഒരു ദിവസവും കടന്നുപോകാറില്ല.

നേരം പുലരുംമുമ്പേ മുണ്ടയ്ക്കൽ സുധാഭവന്റെ മുൻ വശത്തെ ചെറുമുറിയിൽ വിളക്ക് തെളിയും. എല്ലുരോഗ വിദഗ്ധനായ ഡോ. ബാബുക്കുട്ടൻ ചായം ചാലിച്ച് ഗുരുദേവനെ വരച്ച് തുടങ്ങും. ഓരോ ദിവസവും അവസാനിക്കുന്നതും അങ്ങനെയാണ്. ഗുരുദേവ ചിത്രത്തിനായി കാൻവാസിൽ ഒരുതുള്ളി ചായമെങ്കിലും തൊടാതെ അദ്ദേഹത്തിന്റെ ഒരു ദിവസവും കടന്നുപോകില്ല.

കൺസൾട്ടിംഗ് റൂമിനോട് ചേർന്ന രചനാമുറിയിൽ പൂർത്തിയാകാത്ത ഗുരുദേവന്റെ എട്ട് പെയിന്റിംഗുകൾ ഇപ്പോഴുണ്ട്. പത്ത് സുഹൃത്തുക്കൾ ഗുരുവിന്റെ പെയിന്റിംഗ് ആവശ്യപ്പെട്ട് ക്യൂവിലാണ്. പക്ഷെ, ഡോക്ടർക്ക് ധൃതിയില്ല. കൺമുന്നിൽ ഗുരുദേവൻ നിൽക്കുന്നതുപോലെ എന്നു ഭാര്യ സുധ പറയുന്നതുവരെ മിനുക്ക് പണികൾ ചെയ്തുകൊണ്ടേയിരിക്കും.ആ തപസ്യ ചിലപ്പോൾ ആറ് മാസമോ ഒരുവർഷമോ നീളും.

പ്രസിദ്ധ ചിത്രകാരനായ മഞ്ഞിപ്പുഴ എം.ഐ. വേലുവിന്റെ അഞ്ചാമത്തെ മകനാണ് ഡോ.ബാബുക്കുട്ടൻ. ജന്മവാസന ഉണ്ടായിരുന്നെങ്കിലും കാര്യമായി വരയ്ക്കാറില്ലായിരുന്നു. 1990 ൽ തൃശൂർ ജില്ലാ ആശുപത്രിയിൽ സിവിൽ സർജനായിരിക്കെയാണ് ആ ദൗത്യത്തിലേക്ക് തിരിഞ്ഞത്. ഗുരുദേവന്റെ ചിത്രങ്ങൾ വരയ്ക്കുന്നതിൽ അഗ്രഗണ്യനായിരുന്ന അച്ഛനെക്കുറിച്ച് സഹപ്രവർത്തകരോട് പറഞ്ഞു. മകനും ഒരുകൈ നോക്കിക്കൂടേ എന്നായി സഹപ്രവർത്തകർ. ഗുരുവിനെ ധ്യാനിച്ചുകൊണ്ട് ആദ്യമായി വരച്ചു. സുഹൃത്തായ ഡോക്ടർ വൻതുക നൽകിയാണ് ആ പെയിന്റിംഗ് വാങ്ങിയത്. താമസിയാതെ ഗുരുദേവനെ വരയ്ക്കൽ ദിനചര്യയായി. 1995ൽ വിരമിച്ചശേഷം കൂടുതൽ സമയം കിട്ടിത്തുടങ്ങി. ഇതിനകം ഗുരുദേവന്റെ നൂറ് ചിത്രങ്ങളെങ്കിലും പലർക്കായി വരച്ച് നൽകിയിട്ടുണ്ട്. ഇപ്പോൾ വയസ് 79 ആയി. ഗുരുദേവന്റെ ഓരോ പെയിന്റിംഗ് പൂർത്തിയാകുമ്പോഴും മനസ് കൊണ്ട് തന്റെ പ്രായം ഒരുവർഷം പിന്നിലേക്ക് പോകുമെന്ന് അദ്ദേഹം പറയുന്നു. ഗുരുവിന്റെ പെയിന്റിംഗുകൾ മാത്രം ഉൾപ്പെടുത്തി ഒരു പ്രദർശനം സംഘടിപ്പിക്കണമെന്നതാണ് ഇപ്പോഴത്തെ സ്വപ്നം.