കൊല്ലം: പകൽ സമയങ്ങളിൽ വൃദ്ധരായ സ്ത്രീകളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് മാല കവരുന്ന മൂവർ സംഘത്തെ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിന്റെ സഹായത്തോടെ ശാസ്‌താംകോട്ട പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം കാവനാട് ഇടപ്പാടം വയൽ മുട്ടറ കിഴക്കതിൽ സിദ്ധിക്ക് (28), കരിക്കോട് ചപ്പേതടം തൊടിയിൽ പുത്തൻ വീട്ടിൽ നിസാമുദ്ദീൻ (50), കുണ്ടറ മുക്കട ഷൈനി ഭവനിൽ മുരുകൻ (52) എന്നിവരാണ് പിടിയിലായത്. ശാസ്‌താംകോട്ട ആദിക്കാട് വീട്ടിൽ എൺപത്തഞ്ചുകാരി കമലാദേവിയുടെ കണ്ണിൽ മുളകുപൊടി വിതറി മൂന്നര പവന്റെ മാല കവർന്ന കേസിലാണ് ഇവർ പിടിയിലായത്. വൃദ്ധരായ സ്‌ത്രീകൾ താമസിക്കുന്ന വീടുകൾ കണ്ടെത്തി കിണർ വൃത്തിയാക്കുക, മാങ്ങ, ചക്ക എന്നിവ വാങ്ങാനെത്തുക, വെള്ളം ആവശ്യപ്പെട്ടെത്തുക തുടങ്ങിയ രീതികളിലൂടെയാണ് കവർച്ച നടത്തുന്നത്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്‌തതിൽ കൊട്ടിയം പൊലീസ് സ്‌റ്റേഷൻ അതിർത്തിയിൽ കല്ലുവെട്ടാംകുഴിയിൽ പൊടിയമ്മ ജോർജ്ജ്, കുണ്ടറ സ്‌റ്റേഷൻ പരിധിയിൽ പള്ളിമുക്ക് കുണ്ടുകുളത്ത് ആനന്ദവല്ലി, കുണ്ടറ എം.ജി.പി സ്‌കൂളിന് സമീപം റിട്ട. അദ്ധ്യാപിക കുഞ്ഞേലി എന്നിവരുടെ മാല കവർന്ന കേസുകളും തെളിഞ്ഞു. കവർച്ച നടത്താനായി ഉപയോഗിച്ച ബൈക്ക് നിസാമുദ്ദീനും മുരുകനും എറണാകുളത്ത് സെക്യൂരിറ്റി ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ മോഷ്‌ടിച്ചതാണെന്ന് കണ്ടെത്തി. സ്ഥിരമായി വാസസ്ഥലമോ മൊബൈൽ നമ്പറോ ഇല്ലാത്ത പ്രതികളെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. പഴുതടച്ച അന്വേഷണത്തിലൂടെയും മുൻപ് ശിക്ഷഅനുഭവിച്ചവരെ നിരീക്ഷിച്ചുമാണ് പ്രതികളെ പിടികൂടിയത്.
കൊട്ടാരക്കര ഡിവൈ.എസ്.പി വി.എസ് ദിനരാജന്റെ നിർദ്ദേശപ്രകാരം ശാസ്‌താംകോട്ട എസ്.ഐമാരായ ഉമേഷ്, സതീഷ്, പ്രത്യേക സംഘാംഗങ്ങളായ എ.സി ഷാജഹാൻ, കെ.ശിവശങ്കരപിള്ള,ബി.അജയകുമാർ, ആഷിർ കോഹൂർ,കെ.കെ രാധാകൃഷ്ണപിള്ള, റഷീദ്, അസീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ശാസ്‌താംകോട്ട കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‌തു.