jose

കൊല്ലം: ഏഴ് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി മൊത്തവ്യാപാരി പിടിയിൽ. ഇരവിപുരം തെക്കുംഭാഗം ബലറാം പുരയിടം വീട്ടിൽ ബേക്കറി ജോസ് എന്നറിയപ്പെടുന്ന ജോസ് (46) ആണ് പിടിയിലായത്.

കൊല്ലം കേന്ദ്രീകരിച്ച് കാറുകളിൽ ലഹരികലർന്ന മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളും വിൽക്കുന്നതായി കൊല്ലം ഡെപ്യൂട്ടി എക്‌സെസ് കമ്മിഷണർ എ.എസ്.രഞ്ജിത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് കൊല്ലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ.നൗഷാദ് ഫുഡ് സേഫ്റ്റി ഓഫീസർ മാനസ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ജോസ് കുടുങ്ങിയത്. ഇയാളുടെ വീടിനോട് ചേർന്നുള്ള ഗോഡൗണിൽ നിന്നും 16000 പാക്കറ്റ് ശംഭു, ഹാൻസ്, പാൻപരാഗ്, കൂൾ തുടങ്ങിയവ കണ്ടെടുത്തു. വിദ്യാഭ്യസ സ്ഥാപനങ്ങളുടെ മുന്നിൽ വാനിലെത്തി മിഠായി, ബിസ്കറ്റ് എന്നിവയ്ക്കൊപ്പമാണ് ജോസ് ലഹരി പദാർത്ഥങ്ങളും വില്പന നടത്തിയിരുന്നത്.
തമിഴ്‌നാട്ടിൽ പാക്കറ്റ് ഒന്നിന് രണ്ടു രൂപയ്ക്ക് ലഭിക്കുന്ന പാൻ മസാലകൾ രഹസ്യമായി ഇവിടേക്ക് കടത്തി 50 രൂപയ്ക്ക് മുകളിൽ വില്പന നടത്തി ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്.
എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് ബാബു, രാജു, സിവിൽ എക്‌സൈസ് ഓഫീസർ ദിലീപ് കുമാർ, എവേഴ്‌സൺ ലാസർ, അനിൽ, അനീഷ്, രഞ്ജിത്ത്, ദിലിപ് എന്നിവർക്ക് പുറമേ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.