ഷിംലയിലെ മീന ബസാറിൽ പുസ്തകൾ നിറഞ്ഞ ഒരു കഫേയുണ്ട്. പുസ്തകങ്ങളോടും പാചകത്തോടും അധികമൊന്നും പ്രിയം കാണിക്കാത്ത കുറച്ചുപേർക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഇവരാരും സുഹൃത്തുക്കളല്ല, പക്ഷേ ഒന്നിപ്പിച്ചു നിർത്തുന്ന ഒരു പൊതുഘടകം ഇവർക്കുണ്ട്. വേറൊന്നുമല്ല, ഇവർ ഷിംലയിലെ കൈത്തു ജയിലിലെ തടവുകാരാണ്. ശിക്ഷിക്കപ്പെട്ടു കഴിയുന്ന ഇവർക്കാണ് ഈ പുസ്തക കഫെയുടെ നടത്തിപ്പ് ചുമതല. പൊലീസിന്റെ കാവലില്ലാത്ത തടവുപുള്ളികളാണിവർ. പുലർച്ചെ മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവർത്തനസമയം.
തടവുപുള്ളികൾ എന്നു കരുതി ഭക്ഷണം വിളമ്പലും പാചകവുമൊന്നും ഇവർക്ക് വശമില്ലെന്നു ധരിക്കരുത്. ഇത്തരം കാര്യങ്ങളെല്ലാം പ്രൊഫഷണലായി പഠിച്ചിട്ടു തന്നെയാണ് ഇവർ ഇതിലേക്ക് ഇറങ്ങിയിരിക്കുന്നത്. മാന്യമായി പെരുമാറിയും ഓരോരുത്തരുടെയും ആവശ്യപ്രകാരമുള്ള വിഭവങ്ങൾ തയാറാക്കി നൽകിയും ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞ് പുസ്തകങ്ങൾ തെരഞ്ഞെടുത്തു കൊടുത്തും ഇവർ കഫേയിലെത്തുന്നവരെ വീണ്ടും അങ്ങോട്ടെത്താൻ പ്രേരിപ്പിക്കുന്നു. 40 പേർക്ക് ഒരേസമയം ഈ കഫേയിൽ ഇരിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. ഏകദേശം ഇരുപതുലക്ഷം രൂപ ചെലവാക്കിയാണ് കഫേയും ഗ്രന്ഥശാലയും തുടങ്ങിയത്. പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം തന്നെ അവ വാങ്ങുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.