കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെ പരിധിയിലുള്ള ബോബി കൊട്ടാരക്കര റോഡ് തകർന്നടിഞ്ഞിട്ട് നാളെറെയായിട്ടും പരിഹാരമൊരുങ്ങുന്നില്ല. കാൽനട യാത്രപോലും ദുസഹമായ അവസ്ഥയിലാണ് റോഡിന്റെ സ്ഥിതി.
കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് സമാന്തരപാതയായി പുലമൺ പെട്രോൾ പമ്പിനു മുന്നിലെത്തുന്ന പാതയെയാണ് അധികൃതർ നിരന്തരം അവഗണിക്കുന്നത്.
സദാ തിരക്കേറിയ ടൗണിനെ ഗതാഗത കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ കഴിയുമായിരുന്ന റോഡാണ് ടാറും മെറ്റലും ഇളകി പൂർണ്ണമായും തകർന്നത്. കഴിഞ്ഞ അഞ്ചുവർഷമായി ഇതാണ് അവസ്ഥ. കെ.എസ്.ടി.പി ഓഫീസും ഇതിന് സമീപമായാണ് സ്ഥിതി ചെയ്യുന്നത്. ഗ്യാസ് ഗോഡൗൺ, ഐ.എം.എ ഓഫീസ്, ഇന്ത്യൻ കൾച്ചർ സെൻറർ, വൈസ് മെൻ ക്ളബ്ബ് തുടങ്ങി അനേകം സ്ഥാപനങ്ങളും റോഡിന് സമാന്തരമായുണ്ട്. എന്നാൽ അധികൃതർ മാത്രം ഈ പ്രാധാന്യം തിരിച്ചറിയുന്നില്ല.
ചലച്ചിത്ര താരം ബോബി കൊട്ടാരക്കരയുടെ പേരിൽ നിർമ്മിച്ച റോഡിലൂടെ മാർക്കറ്റ് ജംഗ്ഷനിൽ നിന്നും അടൂർ ഭാഗത്തേക്കും പുലമൺ ഭാഗത്തേക്കും ഗതാഗതക്കുരുക്കിൽ പെടാതെ കടന്നുപോകാം. അപടങ്ങളും മറ്റുമുണ്ടാകുമ്പോൾ ഗതാഗതം വഴിതിരിച്ചുവിടുന്നതും ഇതുവഴിയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണയാണ് ജനങ്ങൾ നിവേദനങ്ങൾ നൽകിയത്. എന്നാൽ ഇതെല്ലാം നിഷ്കരുണം തഴയുകയായിരുന്നു. വിഷയത്തിൽ ഉടൻ ഇടപെടണമെന്നും റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പുലമൺ ബോബി കൊട്ടാരക്കര റോഡ് എത്രയും വേഗം റീ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണം. പലതവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ഇനിയും വേണ്ടത്ര താൽപ്പര്യം കാണുന്നില്ല. ഈ സ്ഥിതി മാറണം. അധികൃതർ ഉണർന്ന് പ്രവർത്തിക്കണം.
ഡോ.ജേക്കബ് വർഗീസ് വടക്കടം, റിട്ട. പ്രൊഫ. സെൻറ് ഗ്രിഗോറിയോസ് കോളേജ്, കൊട്ടാരക്കര