sivil
പുനലൂരിലെ താലൂക്ക് സപ്ലൈ ഓഫീസിൽ പരിശോധനകൾ നടത്തുന്ന ജില്ലാ സപ്ലൈ ഓഫീസർ ജയശ്രീയും, മറ്റും ഉദ്യോഗസ്ഥരും

പുനലൂർ: അസി. സപ്ലൈ ഓഫീസറുടെ മകളുടെ വിവാഹത്തിന് താലൂക്ക് സപ്ലൈ ഓഫീസ് അടച്ചിട്ട് ജീവനക്കാർ കൂട്ടത്തോടെ പോയതിനെക്കുറിച്ച് ജില്ലാ സപ്ലൈ ഓഫീസർ അന്വേഷണം നടത്തി സിവിൽ സപ്ളൈസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. കുറ്റക്കാർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.

ജില്ലാ സപ്ലൈ ഓഫീസർ ജയശ്രീയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇന്നലെ പുനലൂരിൽ എത്തി രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു. ജീവനക്കാർ ഓഫീസ് വിട്ട് കൂട്ടത്തോടെ പോയത് ബോദ്ധ്യപ്പെട്ടതായി ഡി.എസ്.ഒ. അറിയിച്ചു. ഹാജർ ബുക്കിൽ കൂട്ടത്തോടെ ലീവ് മാർക്ക് ചെയ്തിരുന്നു. ഓഫീസിൽ കാര്യമായ ഇടപാടുകൾ നടന്നിട്ടില്ല. ഉച്ചയ്ക്ക് മുമ്പ് ഒരു മണിക്കൂർ മാത്രമേ ജീവനക്കാർ ഇല്ലാതിരുന്നുളളുവെന്ന് താലൂക്ക് സപ്ളൈ ഓഫീസർ മൊഴി നൽകി. ജീവനക്കാരുടെയും മൊഴിയെടുത്തു.

വ്യാഴാഴ്ച അഞ്ചലിൽ വച്ചായിരുന്നു വനിതാ ജീവനക്കാരിയുടെ മകളുടെ കല്യാണം. ഒരു ജീവനക്കാരനെ കാവൽ ഏൽപ്പിച്ച ശേഷം ഓഫീസിന്റെ മുൻവാതിലിൽ മേശ പിടിച്ചിട്ട് അടച്ചിട്ട ശേഷമാണ് ജീവനക്കാർ 12കിലോമീറ്റർ ദൂരെയുള്ള അഞ്ചലിൽ പോയത്. റേഷൻ കാർഡിൽ പേര് ചേർക്കാനും, തിരുത്തുന്നത് അടക്കമുളള നിരവധി ആവശ്യങ്ങൾക്കും എത്തിയ കാർഡ് ഉടമകൾ നിരാശയോടെ മടങ്ങുകയായിരുന്നു.ഇതിനിടെ സംഭവം വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.