പരവൂർ : ചില സാങ്കേതിക തടസങ്ങളാൽ പ്രവർത്തനം ആരംഭിക്കാൻ വൈകിയ 2006ൽ ഉദ്‌ഘാടനം കഴിഞ്ഞ പകൽവീടിന്റെ പ്രവർത്തനം 2 മാസത്തിനുള്ളിൽ ആരംഭിക്കും. സ്റ്റാഫുകളെ നിയമിക്കാനുള്ള ഇന്റർവ്യൂ രണ്ട് ആഴ്ചയ്ക്കുള്ളിൽ നടക്കുമെന്നും വയോധികരെ അവരുടെ വീടുകളിൽ നിന്നും പകൽ വീട്ടിലേക്ക് എത്തിക്കാനുള്ള മിനി ബസ് വാങ്ങേണ്ട കാലതാമസമാണ് പ്രവർത്തനം വൈകാൻ ഇടയാക്കിയതെന്നും നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് അറിയിച്ചു. രണ്ടു ദിവസം മുൻപ് കേരളകൗമുദിയിൽ " നോക്ക് കുത്തിയായി പരവൂർ നഗരസഭയുടെ പകൽ വീട് " എന്ന തലക്കെട്ടോടെ വാർത്ത നൽകിയിരുന്നു. പരവൂരിലും പരിസരത്തും ഒട്ടേറെ വയോധികർ ഭക്ഷണം പോലും കിട്ടാതെ കഷ്ടപ്പെടുന്നുണ്ട്. മക്കളും ബന്ധുക്കളും വിദേശത്ത് ആയതിനാൽ വീടുകളിൽ ഒറ്റപ്പെട്ട് പോയവരും നിരവധിയാണ്. ഇത്തരത്തിലുള്ളവർക്കായി രണ്ട് മാസത്തിനുള്ളിൽ പകൽവീടിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.