പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയോരത്തെ കലയനാട്ട് ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കൂറ്റൻ മൺ ഭിത്തിയോട് ചേർന്ന് കോൺക്രീറ്റ് ചെയ്ത പാർശ്വഭിത്തി നിർമ്മിക്കാതെ പണിയുന്ന ഓട നിർമ്മാണം ആശാസ്ത്രീയമാണെന്ന് പ്രദേശവാസികളുടെ ആക്ഷേപം. പാതയോരത്ത് നിന്ന് 80 അടിയോളം ഉയരത്തിലുള്ള മൺ ഭിത്തി കഴിഞ്ഞ കാലവർഷത്തിൽ ഇടിഞ്ഞു വീണിരുന്നു. ഇപ്പോൾ ചെറിയ മഴ പെയ്താൽ പോലും ഭിത്തി ഇടിഞ്ഞു റോഡിലേക്ക് വീഴുന്ന അവസ്ഥയായതിനാൽ മൺഭിത്തിയുടെ മുകൾ ഭാഗത്ത് താമസിക്കുന്ന പത്തിലധികം കുടുംബങ്ങൾ ഭീതിയിലാണ്. മൺഭിത്തി ഇടിഞ്ഞു റോഡിലേക്ക് വീഴുമ്പോൾ ഇവരുടെ വീടുകളും നിലം പൊത്തുമോ എന്ന ആശങ്കയിലാണ് താമസക്കാർ. അപകടാവസ്ഥയിലുള്ള കൂറ്റൻ മൺ ഭിത്തിയോട് ചേർന്ന് കോൺക്രീറ്റ് ചെയ്ത പാർശ്വഭിത്തി കെട്ടി ബലപ്പെടുത്താതെയാണ് പാതയോരത്ത് പുതിയ ഓടകൾ പണിയുന്നത്. ഓട നിർമ്മാണം ഇതിനകം പകുതിയോളം പൂർത്തിയായിക്കഴിഞ്ഞു. പാർശ്വഭിത്തി കെട്ടാത്തതിനാൽ മൺഭിത്തി ഇടിഞ്ഞ് ഓടയിലേക്ക് വീഴാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
പാതയോരത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മൺഭിത്തി മഴ പെയ്താൽ ഇടിഞ്ഞു വീഴും. ഇതിനോട് ചേർന്ന് കോൺക്രീറ്റ് ഭിത്തി കെട്ടിയിട്ട് വേണമായിരുന്നു പുതിയ ഓട പണിയേണ്ടിയിരുന്നത്. പാതയോരത്തെ കട്ടിംഗിനോട് ചേർന്ന് സംരക്ഷണ ഭിത്തി കെട്ടാത്തത് കാരണം ഇതിന് മുകളിൽ താമസിക്കുന്നവർ ഭീതിയോടെയാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. ഓടയുടെ പണികൾക്കൊപ്പം സംരക്ഷണ ഭിത്തിയും നിർമ്മിക്കണം.
( ഗീത തുളസി, പ്രസിഡന്റ് , എസ്.എൻ.ഡി.പി യോഗം 3307-ാനമ്പർ കലയനാട് ശാഖാ കമ്മിറ്റി)
ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കൂറ്റൻ മൺഭിത്തിയോട് ചേർന്ന് കോൺക്രീറ്റ് ചെയ്ത പാർശ്വഭിത്തി നിർമ്മിക്കാതെ പണിയുന്ന ഓട നിർമ്മാണം ആശാസ്ത്രീയമാണ്. ഓടയുടെ പണികൾക്കൊപ്പം സംരക്ഷണ ഭിത്തിയുടെ നിർമ്മാണം കൂടി നടത്തിയിരുന്നെങ്കിൽ താമസക്കാരുടെ ഭീതി ഒഴിവായേനെ.
(ഉഷ അശോകൻ, സെക്രട്ടറി , കലയനാട് ശാഖാ കമ്മിറ്റി)