kudivellam
വാപ്പാല പമ്പ് ഹൗസ്

ഓയൂർ: ഓടനാവട്ടം വാപ്പാലയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ജലവിതരണം കാര്യമായി നടക്കുന്നുണ്ടെങ്കിലും വാപ്പാലയിലെ ജനങ്ങൾക്ക് ഇത് കിട്ടാക്കനിയാകുന്നു. വാപ്പാലയിൽ സ്ഥാപിച്ചിട്ടുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്കിൽ നിന്ന് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലേക്ക് ദിനംപ്രതി നിരവധി ടാങ്കറുകളിലും ലോറികളിലും കുടിവെള്ളം കൊണ്ട് പോകുന്നുണ്ട്. എന്നാൽ വാപ്പാല വാർഡിലെ നിരവധി സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ നോക്കുകുത്തിയായിരിക്കുകയാണ്. പ്രദേശവാസികളിൽ പലരും പൈപ്പ് ലൈൻ സ്ഥാപിക്കാനായി പണം അടച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടതോടെ ഏറെ ദൂരം നടന്ന് തലച്ചുമടായാണ് അത്യാവശ്യ കാര്യങ്ങൾക്കായുള്ള വെള്ളം പ്രദേശവാസികൾ ശേഖരിക്കുന്നത്. തുണി അലക്കാനും കാലികളെ കുളിപ്പിക്കാനും കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒന്നിടവിട്ട് ലഭിച്ചിരുന്ന കുടിവെള്ളം തിരഞ്ഞെടുപ്പിന് ശേഷം ഒരു ദിവസം മാത്രമാണ് കിട്ടിയതെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളവിതരണം നടത്തുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. എത്രയും പെട്ടെന്ന് കുടിവെള്ളം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരൊന്നടങ്കം ആവശ്യപ്പെടുന്നു.

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ

വാപ്പാല, കോണത്ത് മുക്ക്, പള്ളിക്കുന്നുംപുറം, സ്വാമിമുക്ക്, പുള്ളാടി കുന്നുംപുറം ഭാഗം