പുനലൂർ: രാജ്യത്തെ എഴുത്തുകാരെ നശിപ്പിക്കുന്ന പ്രവണതയാണ് ഫാസിസ്റ്റ് ശക്തികൾ സ്വീകരിക്കുന്നതെന്ന് മന്ത്രി കെ. രാജു പറഞ്ഞു. നവോത്ഥാന സർഗവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടമൺ-34ൽ സംഘടിപ്പിച്ച സംസ്ഥാന സർഗപ്രതിഭാ പുരസ്കാര വിതരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പരിസ്ഥിതി കാത്തുസൂക്ഷിക്കാത്തതിന്റെ ബുദ്ധിമുട്ടുകളാണ് നാം ഇന്ന് അനുഭവിക്കുന്നത്. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനാൽ ഇന്ന് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കേണ്ട സ്ഥിതിയാണ്. ഇത് കണക്കിലെടുത്ത് പരിസ്ഥിതി സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
സർഗവേദി സംസ്ഥാന പ്രസിഡന്റ് പീതാംബരൻ പരുമല അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിള്ള, പഞ്ചായത്ത് അംഗം എ. ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി കിഴക്കൻ മേഖലാ സെക്രട്ടറി എം. സലീം, കവി എസ്. ഡിൻഷ, സജി മുഖത്തല, പോൾരാജ് പൂയപ്പള്ളി, ഉറുകുന്ന് സജീവൻ, ഇടമൺ സുജാതൻ തുടങ്ങിയവർ സംസാരിച്ചു. സർഗവേദി പുരസ്കാരത്തിനർഹനായ അദ്ധ്യാപകനും കവിയും പരിസ്ഥിതി പ്രവർത്തകനുമായ എസ്. ഡിൻഷയെ മന്ത്രി കെ. രാജു അവാർഡ് നൽകി ആദരിച്ചു.