ശാസ്താംകോട്ട: തുടർച്ചയായി അഞ്ചാം തവണയും നൂറു ശതമാനം വിജയം കൈവരിച്ച് വെസ്റ്റ് കല്ലട ഗവ. ഹയർ സെക്കൻഡറി സ്കൂൾ. കർഷകരും കർഷക തൊഴിലാളികളും കശുഅണ്ടി തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 96 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 21 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസും, ഒമ്പത് വിദ്യാർത്ഥികൾക്ക് ഒമ്പത് വിഷയത്തിന് എപ്ലസും നേടാൻ കഴിഞ്ഞത് വിജയത്തിളക്കം വർദ്ധിപ്പിക്കുന്നു. കല്ലടയാറിന്റെ തീരത്ത് 1895 ൽ എൽ.പി സ്കൂളായി ആരംഭിച്ച് പിന്നീട് പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കൻഡറി സ്കൂളായി മാറി. പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ സ്കൂളുകൾ ഹൈടെക് ആകുമ്പോഴും നൂറ്റാണ്ടുകൾ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലാണ് ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. മതിയായ ഗതാഗത സൗകര്യങ്ങളില്ലാത്തതിനാൽ കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടിയും നടന്നുമാണ് വിദ്യാർത്ഥികളിൽ പലരും സ്കൂളിലെത്തുന്നത്. രണ്ടു സ്വകാര്യ ബസുകൾ മാത്രമാണ് പ്രദേശത്തുകൂടി സർവീസ് നടത്തുന്നത്. കൊടുവിള, മൺറോത്തുരുത്ത് മേഖലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ കടത്തുവള്ളങ്ങളെയാണ് സ്കൂളിലെത്താൻ ആശ്രയിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിലുൾപ്പെടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ആശ്രയം ആകെയുള്ള ഒരു സ്കൂൾ ബസ് മാത്രമാണ്. സ്കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കുട്ടികളെ പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. സ്വകാര്യ സ്കൂളുകളുടെ കടന്നുകയറ്റവും പരിമിതമായ ഭൗതിക സാഹചര്യങ്ങളും ഭീഷണിയായി നിലനിൽക്കുമ്പോഴും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് തുടർച്ചയായി അഞ്ചാം വർഷവും നൂറു ശതമാനം വിജയം നേടാൻ സ്കൂളിന് കഴിഞ്ഞത്.