കുന്നത്തൂർ: കൊല്ലം - തേനി ദേശീയപാതയിലെ ശൂരനാട് വടക്ക് ആനയടി പാലത്തിലെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. റോഡിന്റെയും പാലത്തിന്റെയും അശാസ്ത്രീയ നിർമ്മാണം മൂലമാണ് ഇവിടെ അപകടങ്ങൾ പെരുകുന്നത്. ഇവിടത്തെ കൊടുംവളവിൽ മുന്നറിയിപ്പ് ബോർഡുകളോ അപകട മുന്നറിയിപ്പ് സിഗ്നലുകളോ സ്ഥാപിക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. മൂന്ന് മാസത്തിനുള്ളിൽ ആനയടി പാലത്തിലെ കൊടുംവളവിലുണ്ടായ പത്തോളം അപകടങ്ങളിൽ നിരവധി പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. പാലത്തിന്റെ ഇരുഭാഗത്തും കൊടുംവളവുകളാണ്. പഴയപാലത്തിലെ കൊടും വളവുകൾ മാറ്റി പുതിയ പാലം നിർമ്മിക്കണമെന്ന് തീരുമാനമുണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. റോഡിന്റെ താഴ്ചയും വളവും കാരണം എതിരേ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാറില്ല. പാലത്തിലേക്ക് കയറുമ്പോൾ മാത്രമാണ് വാഹനങ്ങൾ കാണുന്നത്. പാലത്തിന്റെ ഇരുഭാഗത്തെയും വളവിൽ കാട് മൂടിക്കിടക്കുന്നതിനാൽ എതിരേ വരുന്ന വാഹനം കാണാൻ വളരെ പ്രയാസമാണ്. ചാരുമൂട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം പാലത്തിൽ ബൈക്കും ടോറസും തമ്മിൽ കൂട്ടിയിടിച്ച് ആദിക്കാട്ടുകുളങ്ങര സ്വദേശിയായ വിദ്യാർത്ഥി മരിച്ചിരുന്നു. അപകടങ്ങൾ തുടർക്കഥയാകുമ്പോഴും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ ചെവിക്കൊള്ളുന്നില്ല. മോട്ടോർ വാഹന വകുപ്പും പൊലീസും വാഹന പരിശോധന കർശനമാക്കാത്തതും ഈ ഭാഗങ്ങളിൽ അപകടം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.