marine
എൻജിൻ തകരാറിലായതിനെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്‌മെന്റ് രക്ഷിച്ച് കരയ്ക്കെത്തിച്ചപ്പോൾ

കൊല്ലം: എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട വള്ളത്തിലെ തൊഴിലാളികൾ മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ മടങ്ങിയെത്തി. നിയന്ത്രണം നഷ്ടമായി നാല് തൊഴിലാളികളുമായി കടലിൽ ഒഴുകി നടന്ന വള്ളത്തെ മറൈൻ എൻഫോഴ്സ്‌മെന്റ് നടത്തിയ തെരച്ചിലിൽ കണ്ടെത്തി കരയ്ക്കെത്തിക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മോസസ്, സോളമൻ, ചെറിയാച്ചൻ, ജയശങ്കർ എന്നീ മത്സ്യത്തൊഴിലാളികളുമായി വാടി വയലിൽ പുരയിടം ഫ്രാൻസിസിന്റെ ഉടമസ്ഥതയിലുള്ള ജീസസ് എന്ന വള്ളം മത്സ്യബന്ധത്തിനായി വാടിയിൽ നിന്നും പുറപ്പെട്ടത്. ഇന്നലെ രാവിലെ മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെ തീരത്ത് ആശങ്ക പടർന്നു. തുടർന്ന് മറൈൻ എൻഫോഴ്സ്‌മെന്റ് നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തീരത്ത് നിന്ന് 15 നോട്ടിക്കൽ മൈൽ അകലെ ഒഴുകി നടക്കുകയായിരുന്ന വള്ളം കണ്ടെത്തുകയായിരുന്നു.

തുടർന്ന് മത്സ്യത്തൊഴിലാളികളെയും കേടായ ബോട്ടും മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടിൽ തീരത്തെത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവർ വീട്ടിലേക്ക് മടങ്ങി. തെരച്ചിലിനായി കോസ്റ്റ്ഗാർഡിന്റെ സഹായം തേടിയിരുന്നെങ്കിലും അതിന് മുമ്പ് തന്നെ കണ്ടെത്തി. മത്സ്യത്തൊഴിലാളികളും സ്വന്തം നിലയിൽ തെരച്ചിൽ നടത്തിയിരുന്നു.

മറൈൻ സബ് ഇൻസ്പെക്ടർ ഒഫ് ഗാർഡ് സുമേഷ്, എ.എസ്.ഐ ജോസ്, സി.പി.ഒ സതീഷ്, റോജൻ, ലൈഫ് ഗാർഡ് തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.