കൊല്ലം: 'യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം കാസർകോട്ടേക്ക് പുറപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ തിരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുലക്ഷം രൂപ തന്നിൽ നിന്ന് വാങ്ങി. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തിരികെയെത്തിയപ്പോൾ അഞ്ചുലക്ഷം രൂപ പാർട്ടി ഫണ്ടിൽ നിന്ന് താൻ അടിച്ചുമാറ്റിയെന്ന് പ്രചരിപ്പിച്ചു'. ആരോപണ വിധേയനാവുകയും തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത കുണ്ടറ ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പൃഥ്വിരാജ് പറയുന്നു. കുണ്ടറ പെരുമ്പുഴ സ്വദേശിയായ പൃഥ്വിരാജിന്റെ ഭാര്യ ദേവിക്ക് ഫോണിലൂടെ തെറിവിളിയും ഭീഷണിയും തുടർന്നതോടെ ദേവി കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി. പരാതി അന്വേഷിക്കാൻ റൂറൽ എസ്.പി കുണ്ടറ സി.ഐയെ ചുമതലപ്പെടുത്തി.
സംഭവത്തെക്കുറിച്ച് പൃഥ്വിരാജ് ഫ്ലാഷിനോട്: എ.ഐ.സി.സി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മാർച്ച് 17ന് കാസർകോട് സ്ഥാനാർത്ഥിയായി രാജ്‌മോഹൻ ഉണ്ണിത്താന്റെ പേരുമുണ്ടായിരുന്നു. അഞ്ചുലക്ഷം രൂപ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ട ആവശ്യം പറഞ്ഞാണ് തന്നിൽ നിന്ന് കൈപ്പറ്റിയത്. തുടർന്ന് കാസർകോട്ടേക്ക് പോയപ്പോൾ തന്നെയും ഒപ്പം കൂട്ടി. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം നാട്ടിൽ തിരികെയെത്തിയപ്പോൾ ഇലക്ഷൻ ആവശ്യത്തിന് ബൂത്തുകളിൽ എത്തിക്കാൻ സൂക്ഷിച്ചിരുന്ന പണത്തിൽ നിന്ന് അഞ്ചുലക്ഷം താൻ അപഹരിച്ചെന്ന് ഉണ്ണിത്താൻ നാട്ടിൽ പ്രചരിപ്പിച്ചു.
ഇക്കാര്യം വലിയ വാർത്തയായി. നിജസ്ഥിതി അറിയാൻ ഉണ്ണിത്താനുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്റെ നമ്പർ ബ്‌ളോക്ക് ചെയ്തിരിക്കുന്നതായി മനസിലായി. തുടർന്ന് ഭാര്യയുടെ നമ്പറിൽ നിന്ന് വിളിച്ചപ്പോൾ എടുത്തു. പരസ്‌പരം അഭസ്യം പറഞ്ഞാണ് സംഭാഷണം അവസാനിച്ചത്. എന്നാൽ തുടർന്ന് തന്റെ ഭാര്യയുടെ നമ്പറിലേക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങളും സഭ്യതയുടെ അതിരുകൾ ലംഘിച്ചുള്ള കോളുകളും വന്നതോടെ പൊലീസിൽ പരാതിപ്പെട്ടു. സംഭാഷണങ്ങൾ പലതും റെക്കാഡ് ചെയ്‌ത് പൊലീസിന് കൈമാറിയിട്ടുണ്ട്. ഉണ്ണിത്താൻ താമസിക്കുന്ന തിരുവനന്തപുരം മുടവൻ മുകളിലെ വീടിന് സമീപത്തെ ചിലരാണ് ഫോണിൽ വിളിച്ചത്.
താൻ കാസർകോട്ട് ഫണ്ട് കൈകാര്യം ചെയ്‌തിട്ടില്ല. ഡി.സി.സി ജനറൽ സെക്രട്ടറിയായ നടുക്കുന്നിൽ വിജയനാണ് ഫണ്ട് കൈകാര്യം ചെയ്‌തത്. ഇനി അഥവാ താൻ ഫണ്ട് മോഷ്‌ടിച്ചെങ്കിൽ അതിൽ നടപടി സ്വീകരിക്കേണ്ടത് കാസർകോട് ഡി.സി.സി പ്രസിഡന്റോ കെ.പി.സി.സി പ്രഡിഡന്റോ ആണ്. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ തന്നെ ഫോണിൽ വിളിച്ച് പ്രശ്‌നം പരിഹരിക്കാൻ ഉപദേശിച്ചിരുന്നു. രണ്ടുദിവസം കഴിഞ്ഞ് തന്നെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്‌തതായി ദൃശ്യമാദ്ധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു. തനിക്കെതിരെ കാസർകോട്ടെ മേലേപ്പറമ്പിലെ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായും വിവരം ലഭിച്ചു. ജില്ലാ പൊലീസ് ചീഫിന് നൽകിയ പരാതിയാണത്രെ പൊലീസ് സ്‌റ്റേഷനിലേക്ക് അയച്ചത്. ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റിനെ സമീപിക്കും. ഫണ്ട് മോഷണത്തെക്കുറിച്ച് കാസർകോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിനും യാതൊരു വിവരവുമില്ലെന്നും പൃഥ്വിരാജ് പറയുന്നു.
മോഷ്ടിച്ചെന്ന് പറഞ്ഞില്ല, പരാതി സ്വകാര്യം
അഞ്ചുലക്ഷം രൂപ വാങ്ങിയതുമായോ മോഷ്ടിച്ചെന്ന ആരോപണത്തിലോ കൂടുതൽ പ്രതികരിക്കാൻ രാജ്‌മോഹൻ ഉണ്ണിത്താൻ 'ഫ്ളാഷി'നോട് തയാറായില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്റെ ഇലക്ഷൻ ഫണ്ട് മോഷ്‌ടിച്ചതായി താൻ ഒരു മാദ്ധ്യമങ്ങളോടും പറഞ്ഞിട്ടില്ലെന്നും കാസർകോട് പൊലീസിൽ പരാതി നൽകിയത് തികച്ചും സ്വകാര്യമാണെന്നുമായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.