photo
പുത്തൂർ പൊലീസ് സ്റ്റേഷന് നിർമ്മിക്കുന്ന പുതിയ കെട്ടിടം

കൊല്ലം: പുത്തൂർ പൊലീസ് സ്റ്റേഷൻ മന്ദിരനിർമ്മാണം പൂർത്തീകരണത്തിലേക്ക്. കോൺക്രീറ്റും ഭിത്തികളുടെ സിമന്റ് പ്ളാസ്റ്ററിംഗ് എന്നിവ പൂർത്തിയായി. ഇനി ടൈൽസ് പാകൽ, പെയിന്റിംഗ്, വയറിംഗ്, പ്ളംബിംഗ് ജോലികളും അലങ്കാരപ്പണികളുമാണ് ശേഷിക്കുന്നത്. മൂന്ന് മാസത്തിനകം നിർമ്മാണ ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.

നെടുവത്തൂർ ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ പുത്തൂർ കിഴക്കേ ചന്തയിലെ 25 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. 2018 ജനുവരി 28നാണ് നിർമ്മാണ ജോലികൾ തുടങ്ങിയത്. നിർമ്മാണം തുടങ്ങി ആറ് മാസത്തിനകം ഉദ്ഘാടനത്തിന് സജ്ജമാക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ പാറയും മണലും അടക്കമുള്ളവയുടെ ലഭ്യതക്കുറവ് നിർമ്മാണത്തെ സാരമായി ബാധിച്ചു.

ഒറ്റ നിലയിൽ 3400 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് പുതിയ കെട്ടിടം. മഴവെള്ള സംഭരണിയും കുഴൽക്കിണറും അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. പൊലീസ് സ്റ്റേഷൻ നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പൊളിക്കാതെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പഴയ കെട്ടിടങ്ങൾ തുടർന്നും ഉപയോഗിക്കാനുമാകും.

എം.എൽ.എ ഫണ്ടിൽ നിന്നും 95 ലക്ഷം

പുത്തൂർ പൊലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ പി. ഐഷാപോറ്റി എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 95 ലക്ഷം രൂപയാണ് അനുവദിച്ചത്. പൊലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ മറ്റ് സർക്കാർ ഫണ്ട് ലഭിക്കുമെന്നിരിക്കെ അന്ന് എം.എൽ.എ ഫണ്ട് അനുവദിച്ചത് ചില്ലറ വിവാദങ്ങൾക്കും ഇടയാക്കി.

അസൗകര്യങ്ങളിൽ വീർപ്പ് മുട്ടൽ

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കവെയാണ് നെടുവത്തൂർ, കുളക്കട, പവിത്രേശ്വരം പഞ്ചായത്തുകൾ സംഗമിക്കുന്ന പുത്തൂർ പട്ടണത്തിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. നെടുവത്തൂർ പഞ്ചായത്ത് കിഴക്കേ ചന്തയിൽ കുറച്ച് ഭാഗം പൊലീസ് സ്റ്റേഷന് വേണ്ടി വിട്ടുനൽകി. ഇവിടെ താത്കാലിക സംവിധാനങ്ങളുണ്ടാക്കിക്കൊണ്ട് സ്റ്റേഷൻ ഉദ്ഘാടനവും നടത്തി. നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾക്ക് വലിയ തോതിൽ പരിഹാരം കാണുവാൻ പൊലീസ് സ്റ്റേഷന്റെ വരവോടെ കഴിഞ്ഞു. എന്നാൽ സ്റ്റേഷന്റെ പ്രവർത്തനം അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയായിരുന്നു.

ഉദ്യോഗസ്ഥരും പരാതിക്കാരുമൊക്കെ സ്ഥലപരിമിതിയിൽ തീർത്തും ബുദ്ധിമുട്ടി. സ്വന്തം കെട്ടിടം നിർമ്മിക്കാൻ സ്ഥലം തേടി ഏറെ അലഞ്ഞപ്പോൾ നെടുവത്തൂർ പഞ്ചായത്തുതന്നെ നിലവിൽ പ്രവർത്തിക്കുന്ന സ്ഥലം വിട്ടുനൽകാൻ തീരുമാനമെടുത്തു. കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും അത് പൂർത്തിയാകാതെ നീണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടിലാണ് സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥർ.