ജീവനക്കാരുടെ നിയമനത്തിൽ സർക്കാർ തലത്തിൽ കാലതാമസം
ചാത്തന്നൂർ: ചാത്തന്നൂർ നിവാസികളുടെ ഗ്രാമന്യായാലയത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കേരളാ ഹൈക്കോടതി ചാത്തന്നൂരിൽ ഗ്രാമ ന്യായാലയം അനുവദിച്ചിട്ട് പത്തുമാസത്തോളമായിട്ടും സർക്കാർ തലത്തിൽ നടപടി ഉണ്ടാകാത്തതാണ് തടസം. ആവശ്യമായ ജീവനക്കാരെ സംസ്ഥാന സർക്കാർ നിയമിച്ചാൽ ഉടൻ ന്യായാലയം ആരംഭിക്കാൻ കഴിയും.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഗ്രാമ ന്യായാലയത്തിനായി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഈ കെട്ടിടം കോടതിയുടെ സൗകര്യമനുസരിച്ച് ഫർണിഷ് ചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
ഗ്രാമ ന്യായാലയത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ആവശ്യമായ ഉദ്യോഗസ്ഥരുടെ തസ്തികകളും ശമ്പള സ്കെയിലും ഹൈക്കോടതിയിലെ രജിസ്ട്രാർ ജനറൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളയിനത്തിൽ 61,81,920 രൂപയും ചെലവുകൾക്കായി 13,00,000 രൂപയും ഉൾപ്പെടെ പ്രതിവർഷം 74,81,920 രൂപ വേണ്ടിവരുമെന്നും ഹൈക്കോടതി രജിസ്ട്രാർ സൂചിപ്പിക്കുന്നു. നടത്തിപ്പിനായി കേന്ദ്ര സർക്കാർ വിഹിതവും ലഭ്യമാകും.
സംസ്ഥാന സർക്കാർ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ജീവനക്കാരെ നിയമിച്ചാൽ ഉടൻ തന്നെ ഗ്രാമ ന്യായാലയം ആരംഭിക്കാൻ ഉള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത്. പക്ഷേ ധനകാര്യ മന്ത്രാലയം പരിഗണനയിൽ നിന്ന് മുന്നോട്ട് പോയിട്ടില്ല. എത്രയും വേഗം ബന്ധപ്പെട്ടവർ ന്യായാലയത്തിന് വേണ്ട പരിഗണന നൽകുമെന്ന പ്രതീക്ഷയിലാണ് ചാത്തന്നൂരുകാർ.
ആവശ്യമായ ജീവനക്കാർ
ന്യായാധികാരി (1), സെക്രട്ടറി (1), ക്ലർക്ക് (3), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (1), ആമീൻ (1), ഓഫീസ് അറ്റൻഡന്റ് (2), പ്രോസസ് സെർവർ (2) എൽ.ഡി. ടൈപ്പിസ്റ്റ് (1), പാർട്ട് ടൈം സ്വീപ്പർ (1) എന്നീ തസ്തികകളാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സർക്കാർ അനുവദിക്കേണ്ടത്. കൂടാതെ കാറുകളും ഡ്രൈവർമാരെയും അനുവദിക്കേണ്ടതുണ്ട്.