പാരിപ്പള്ളി: കല്ലുവാതുക്കൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ കുടിവെള്ള ടാങ്കർ തടഞ്ഞ് പ്രതിഷേധിച്ചു. ഇന്നലെ രാവിലെ കല്ലുവാതുക്കൽ ദേശീയപാതയിലാണ് പഞ്ചായത്തിന്റെ രണ്ട് ടാങ്കർ ലോറികൾ നാട്ടുകാർ തടഞ്ഞത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് വേണ്ടത്ര കുടിവെള്ളം ലഭ്യമാക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ പ്രതിഷേധിച്ചത്. പഞ്ചായത്ത് അധികൃതരെത്തി അനുകൂല തീരുമാനം കൈക്കൊള്ളുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ അറിയിച്ചു. വിവരമറിഞ്ഞ് പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. ഇതിനിടെ അതുവഴി കടന്നു പോയ എൻ.കെ. പ്രേമചന്ദ്രൻ എം.പി വാഹനം നിറുത്തി സമരക്കാരുമായി സംസാരിച്ചു.
എം.പിയുടെയും സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രതിനിധികളുടെയും നിർദ്ദേശപ്രകാരം സമരക്കാർ പഞ്ചായത്ത് ഒാഫീസിലെത്തി നടത്തിയ ചർച്ചയിൽ ലഭ്യമായ വാഹനങ്ങളുപയോഗിച്ച് എല്ലാ വാർഡിലും കുടിവെള്ളമെത്തിക്കാമെന്നുള്ള അധികൃതരുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.