ഓയൂർ: മുളയിറച്ചാൽ ചാത്തമ്പാറ ക്വാറിയിലെ വെള്ളക്കെട്ടിൽ കോഴിമാലിന്യം ഉപേക്ഷിക്കുന്നതിനിടെ വെള്ളക്കെട്ടിൽ മറിഞ്ഞ പിക്ക് അപ്പ് വാൻ കരയ്ക്കെത്തിക്കാനെത്തിയ വാൻ ഉടമയെയും പൊലീസിനെയും നാട്ടുകാർ തടഞ്ഞു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു. ഒരാഴ്ച മുമ്പാണ് കോഴിമാലിന്യം നിക്ഷേപിക്കാൻ ക്വാറിയിലെത്തിയ പിക്ക് അപ്പ് മാലിന്യവുമായി വെള്ളക്കെട്ടിൽ മറിഞ്ഞത്.
വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച ചത്ത കോഴികൾ ഉൾപ്പെടെയുള്ള മാലിന്യം ചാക്കുകളിൽ കെട്ടി ക്വാറിയിലെ വെള്ളക്കെട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിക്ക് അപ്പ് വാൻ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.പൂയപ്പള്ളി സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രതിഷേധക്കാതെ പിൻതിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് വെളിനല്ലൂർ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ജലാശയത്തിൽ നിന്നും മാലിന്യം നീക്കം ചെയ്ത് ജലം ശുദ്ധീകരിച്ചശേഷം വാൻ എടുത്തുമാറ്റിയാൽ മതിയെന്ന നിലപാടെടുത്തതോടെ ഉടമയും പൊലീസും ശ്രമം ഉപേക്ഷിച്ച് മടങ്ങി.