crime

കൊല്ലം: ഹൃദയഭേദകമായ ക്രൂരമായ പീഡനങ്ങളിലൂടെയാണ് കൊറ്റങ്കര അയ്യരുമുക്ക് പ്രോമിസ് ലാന്റിൽ രഞ്ജിത്ത് ജോൺസണെ (40) പ്രതികൾ കൊലപ്പെടുത്തിയത്. ഇഞ്ചിഞ്ചായി പീഡിപ്പിച്ചത് എങ്ങനെയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടും പിന്നീട് ജയിലിൽ കാണാനെത്തിയ സുഹൃത്തുക്കളോടും വീരവാദം മുഴക്കുന്നതുപോലെയാണ് ഇവർ വെളിപ്പെടുത്തിയത്.

2018 ആഗസ്റ്റ് 15 ഉച്ചയ്‌ക്ക് 2.30ന് പ്രാവിനെ വാങ്ങാനെന്ന വ്യാജേനെ രഞ്ജിത്തിന്റെ വീട്ടിലെത്തിയ കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, വിഷ്‌ണു എന്നിവർ ചേർന്ന് മദ്യം കഴിക്കാനായി ക്ഷണിച്ച് തന്ത്രപൂർവമാണ് കാറിൽ തട്ടിക്കൊണ്ടുപോയത്.

ക്വട്ടേഷനാണെന്ന് വെളിപ്പെടുത്തിയപ്പോൾ ബോക്‌സറായ രഞ്ജിത്ത് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂവരും ചേർന്ന് കീഴ്പ്പെടുത്തി. വൈകിട്ട് 5.30ന് പോളച്ചിറ ഏലായിലെത്തിച്ച് കെട്ടിയിട്ട് മർദ്ദിച്ചപ്പോഴും കൊലപ്പെടുത്തുമെന്ന് രഞ്ജിത്ത് കരുതിയില്ല. അടിച്ചൊടിച്ച് റോഡിൽ ഉപേക്ഷിക്കരുതെന്നും വീടിനകത്ത് കൊണ്ടിട്ടാൽ അമ്മ നോക്കിക്കോളുമെന്നും പ്രതികളോട് രഞ്ജിത്ത് പറഞ്ഞു.

ഇതിന് പിന്നാലെയാണ് വിരലുപയോഗിച്ച് കണ്ണ് ചൂഴ്ന്നെടുത്തത്. പ്രാണൻ പിടയുന്ന വേദനയിൽ 'എന്നെ കൊന്നേക്കൂ" എന്ന് നിലവിളിച്ചു.

വെള്ളത്തിന് വേണ്ടി യാചിച്ചപ്പോൾ വായിലേക്ക് മൂത്രമൊഴിച്ചു. പിന്നീട് നാല് വശത്ത് നിന്നും ക്രൂരമായി മർദ്ദിച്ച് വാരിയെല്ലുകൾ പൂർണമായും തകർത്ത് കൊലപ്പെടുത്തി.

16ന് പുലർച്ചെ നാഗർകോവിലിന് സമീപത്തെ സമത്വപുരത്ത് ക്വാറി വേസ്റ്റുകൾക്കിടയിൽ കുഴിച്ച് മൂടിയ മൃതദേഹം പൊലീസ് കണ്ടെത്തുന്നത് 22 ദിവസങ്ങൾക്ക് ശേഷമാണ്.

സമത്വപുരത്തെ ദുർഗന്ധം ആസ്വദിച്ച് പാമ്പ് മനോജ്

രഞ്ജിത്തിനെ കുഴിച്ച് മൂടാൻ ഉപയോഗിച്ച മൺവെട്ടിയും പിക്കാസും കണ്ടെത്താൻ പാമ്പ് മനോജുമായി ഒക്‌ടോബർ ഒന്നിന് പൊലീസ് സംഘം വീണ്ടും സമത്വപുരത്ത് എത്തി. രഞ്ജിത്തിനെ കുഴിച്ചിട്ടിരുന്ന ഭാഗത്തേക്ക് നീങ്ങിയ പാമ്പ് മനോജ് അവൻ അഴുകിയ ഗന്ധം ഞാൻ ആസ്വദിക്കട്ടെയെന്നാണ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. പ്രതികൾ ഒരിക്കൽപോലും കുറ്റബോധം പ്രകടിപ്പിച്ചില്ല.

പ്രതികൾക്ക് ആദ്യം സന്തോഷം, പിന്നെ മൗനം

പൊലീസ് ഉദ്യോഗസ്ഥരെയടക്കം വെല്ലുവിളിച്ച് അന്തരീക്ഷം സംഘർഷഭരിതമാക്കുന്നത് പ്രതികളുടെ ശീലമാണ്. ഇന്നലെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് കൊല്ലത്തേക്ക് കൊണ്ടുവരുമ്പോൾ പൊലീസ് വാഹനത്തിനുള്ളിൽ അസഭ്യ വർഷമായിരുന്നു. ഇതോടെ ഉയർന്ന ഓഫീസർമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കോടതിയിലെത്തി.

ബന്ധുക്കൾക്കൊപ്പം ഒരു മണിക്കൂർ ചെലവിടാൻ പ്രതികളെ കോടതി അനുവദിച്ചിരുന്നു. സന്തോഷത്തോടെ കോടതി വരാന്തയിലേക്ക് ഇറങ്ങിയ പ്രതികളുടെ മുഖം പതുക്കെ മ്ലാനമായി. 12.30ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ തീർത്തും നിരാശരായിരുന്നു പ്രതികളെല്ലാം. കുറ്റക്കാരാണെന്ന വിധി വന്ന തിങ്കളാഴ്ച കോടതി മുറ്റത്ത് ചിരിച്ച് കളിച്ചവർ ഇന്നലെ മടങ്ങിയത് മ്ളാനതയോടെയാണ്.

രക്തം പതിപ്പിച്ച കത്ത് വിചാരണ കോടതിയിൽ

പ്രായം കുറഞ്ഞ കുറ്റവാളിയായ വിഷ്‌ണു (21) വിചാരണയ്‌ക്കിടെ തന്റെ രക്തം ചാർത്തിയ കത്ത് കോടതിക്ക് കൈമാറിയിരുന്നു. ജയിൽ ഉദ്യോഗസ്ഥർ ഉപദ്രവിക്കുന്നുവെന്ന് കാട്ടിയായിരുന്നു ഇത്. കോടതി വിഷ്‌ണുവിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഇന്നലെ പതിവുപോലെ ലൈൻ ബസിൽ തിരിച്ചുപോകണമെന്ന് വാശിപിടിച്ചെങ്കിലും പൊലീസ് ബസിൽ ബലം പ്രയോഗിച്ചു കയറ്റേണ്ടിവന്നു. കൊലപാതക ശ്രമം ഉൾപ്പെടെ ആറ് കേസുകളിൽ പ്രതിയാണ് ഇയാൾ.

കൊലപാതകം ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ് കാട്ടുണ്ണി. രഞ്ജിത്ത് ജോൺസണെ കൊലപ്പെടുത്തിയശേഷം 2018 ആഗസ്റ്റ് 29ന് നെടുങ്ങോലത്ത് കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ബൈക്ക് യാത്രികനെ കൊലപ്പെടുത്താനും പാമ്പ് മനോജും കാട്ടുണ്ണിയും അടങ്ങുന്ന സംഘം ശ്രമിച്ചു. കഞ്ചാവ് കേസിൽ മുൻപ് ശിക്ഷിക്കപ്പെട്ട കുക്കു പ്രണവ് മയക്കു മരുന്ന് ആംപ്യൂളുകൾ കടത്തിയ കേസിന്റെ വിചാരണ 20ന് ആരംഭിക്കും.

വിധിയിൽ സന്തോഷം: രഞ്ജിത്തിന്റെ അച്ഛൻ

പ്രതികൾക്ക് ശിക്ഷ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് വിധി കേൾക്കാൻ കോടതിയിലെത്തിയ രഞ്ജിത്തിന്റെ അച്ഛൻ ജോൺസൺ. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ച തിങ്കളാഴ്‌ച ജോൺസണൊപ്പം രഞ്ജിത്തിന്റെ അമ്മ ട്രീസയും കോടതിയിലെത്തിയിരുന്നു .