ഓയൂർ: അയന്തിയറയിൽ ഇരുളിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ കാർഷിക വിളകൾ നശിപ്പിച്ചെന്ന് പരാതി. അയന്തിയറ തെങ്ങുവിള വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ സുജാതയുടെ പുരയിടത്തിൽ കൃഷിചെയ്തിരുന്ന ചേനയാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഒരാഴ്ചമുമ്പ് പുരയിടം വൃത്തിയാക്കാനെത്തിയ ഗോപാലകൃഷ്ണന്റെ കുടുംബത്തെയും ജോലിക്കാരെയും സമീപവാസികൾ സംഘംചേർന്ന് മർദ്ദിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേണത്തിനെത്തിയതിന് പിന്നാലെയാണ് സംഭവം,
30 വർഷം മുമ്പ് സുജാത വിലയ്ക്കുവാങ്ങിയ പുരയിടത്തിൽ കൃഷിയിറക്കുന്നതും വൃത്തിയാക്കുന്നതും സമീവവാസികളായ ചിലർ എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ സുജാത കോടതിയെ സമീപിക്കുകയും കോടതി ഇവർക്ക് അനുകൂലമായ ഉത്തരവ് നല്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിക്കാരുമായി എത്തിയപ്പോഴാണ് മുമ്പ് ആക്രമണമുണ്ടായത്. കാർഷിക വിളകൾ നശിപ്പിച്ചതിലൂടെ 5000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഗോപാലകൃഷ്ണൻ പറഞ്ഞു. സംഭവവുമായി പൂയപ്പള്ളി പൊലീസിൽ പരാതി നല്കി.