പത്തനാപുരം: കുണ്ടയം മൂലക്കടയിൽ ആധുനിക രീതിയിൽ നിമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണ പുരോഗതി കെ.ബി.ഗണേശ്കുമാർ എം.എൽ.എയും ഉദ്യോഗസ്ഥരും എത്തി വിലയിരുത്തി. കുട്ടികൾക്കും മുതിർന്നവർക്കും ഫുട്ബാൾ. വോളിബാൾ ബാസ്കറ്റ് ബാൾ, ഹോക്കി, കബഡി തുടങ്ങിയ ഇനങ്ങൾ പരിശീലിക്കുന്നതിനും മത്സരം നടത്തുന്നതിനും പ്രയോജനപ്പെടുന്ന തരത്തിലുള്ളതാണ് സ്റ്റേഡിയം.
കൂടാതെ ആധുനിക രീതിയിലുള്ള മിനി കോൺഫറൻസ് ഹാൾ, സിനിമാ തിയേറ്റർ, പാർക്ക്, നീന്തൽക്കുളം എന്നിവയും ഇതോടൊപ്പം സജ്ജമാക്കും. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നല്കുന്ന വിധമാണ് നീന്തൽക്കുളം നിർമ്മിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി നാല്പത്തിയാറ് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം. 2020തോടെ നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ്, വാർഡ് മെമ്പർ എസ്.എം. ഷെരീഫ്, കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടീവ് എൻജിനീയർ ദീപു, അസിസ്റ്റന്റ് എൻജീനീയർ കൃഷ്ണരാജ് തുടങ്ങിയവർ എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.