കൊല്ലം: കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന്റെ രണ്ടാംഘട്ട നിർമ്മാണ ജോലികൾ പുരോഗമിക്കുന്നു. കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താമെന്നാണ് കണക്കുകൂട്ടുന്നത്. ഓഫീസ് മുറികൾ കട്ടകെട്ടിത്തിരിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
ഒറ്റ നിലയാണ് നിലവിലുള്ള സിവിൽ സ്റ്റേഷന് മുകളിലായി പണിയുന്നത്. ഒരു ഭാഗത്ത് രണ്ട് നിലകൾ വരുന്നുണ്ട്. മഴക്കാലമെത്തും മുമ്പ് പരമാവധി ജോലികൾ പൂർത്തിയാക്കും. രണ്ടാം ഘട്ട നിർമ്മാണത്തിനായി 7കോടി 30 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടുള്ളത്. കോടികൾ മുടക്കി ആദ്യം നിർമ്മിച്ച സിവിൽ സ്റ്റേഷനിൽ വേണ്ടത്ര സ്ഥല സൗകര്യമില്ല. അതുകൊണ്ടുതന്നെ സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ സർക്കാർ ഓഫീസുകളെയും സിവിൽ സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. മുകളിലായി ഒരു നില കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമെത്തുന്നതോടെ എല്ലാ ഓഫീസുകളും ഇവിടേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ഒാഫീസുകൾ
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസ്, ചൈൽഡ് ഡെവലപ്പ്മെന്റ് ഓഫീസ്, സർവേ ഓഫീസുകൾ, ഡയറി ഡെവലപ്മെന്റ് ഓഫീസ്, സോയിൽ കൺസർവേഷൻ ഓഫീസ്, ഇൻസ്പെക്ടിംഗ് അസി. കമ്മിഷണർ ഓഫീസ്, കൊമേഴ്സ്യൽ ടാക്സ് ഓഫീസ്, ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസ്
അസൗകര്യങ്ങൾ മാറും
2018 ജൂലായ് 23നാണ്നു മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരക്കരയിലെ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ട് ഉദ്ഘാടനം നടത്തിയാൽ മതിയെന്ന തരത്തിൽ ചർച്ചയുണ്ടായെങ്കിലും രണ്ടാം ഘട്ട നിർമ്മാണം പിന്നീട് മതിയെന്ന ധാരണയിലെത്തുകയായിരുന്നു. നിലവിലുള്ള സിവിൽ സ്റ്റേഷനിൽ അസൗകര്യങ്ങൾ ഏറെയുണ്ട്. ടോയ്ലറ്റ് സംവിധാനത്തിന്റെ കുറവാണ് ഇതിൽ പ്രധാനം. താലൂക്ക് വികസന സമിതി കൂടാനുള്ള സ്ഥലവുമില്ല.
കൊട്ടാരക്കരയിൽ അനുവദിച്ച എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസിനായി ഇടുങ്ങിയ ഒരു മുറി മാത്രമാണ് വിട്ടുനൽകാൻ കഴിഞ്ഞത്. രണ്ടാം ഘട്ട നിർമ്മാണം പൂർത്തിയാകുമ്പോൾ കൂടുതൽ ഓഫീസുകൾ ഇവിടേക്ക് എത്തും. ഒപ്പം കോൺഫറൻസ് ഹാൾ, വിശ്രമ മുറി, കാന്റീൻ തുടങ്ങിയവയും ഇവിടെയൊരുക്കും. കൊട്ടാരക്കര തമ്പുരാൻ സ്മാരക മ്യൂസിയം പ്രവർത്തിപ്പിക്കുന്നതിനുള്ള സ്ഥലം കൂടി ഇവിടെ ലഭ്യമാക്കാനാണ് ആലോചന.
ലിഫ്റ്റ് സംവിധാനം വേണം
സിവിൽ സ്റ്റേഷന്റെ നിലകൾ കൂടിയതോടെ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ ഇല്ലാത്ത സ്ഥിതിയാണ്. ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ അടക്കം ഇക്കാര്യത്തിൽ ബുദ്ധിമുട്ടുന്നുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ എത്തുന്ന ഭിന്നശേഷിക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സംവിധാനങ്ങളുണ്ടാകണം.