pathanapuram

പത്തനാപുരം: ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ടുപേർ കൂടി പോലീസിന്റെ പിടിയിൽ. പത്തനാപുരം മഞ്ചള്ളൂർ ആദംകോട് മേലേമണ്ണിൽ വടക്കേക്കര വീട്ടിൽ ഹരി (21), പാതിരിക്കൽ കാനച്ചിറ ഗോകുലത്തിൽ രാഹുൽ (28) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സംഘത്തിലെ പ്രധാനിയായ പിടവൂർ സ്വദേശി ബിനു പിടിയിലായിരുന്നു. രണ്ടുമാസത്തിനിടെ പത്ത് പേരെയാണ് സംഘം ഓട്ടോറിക്ഷയിൽ നിർബന്ധിച്ച് കയറ്റിക്കൊണ്ട് പോയി വിജനമായ പ്രദേശത്ത് എത്തിച്ച് മർദ്ദിച്ച ശേഷം പണവും വിലപ്പെട്ട സാധനങ്ങളും തട്ടിയെടുത്തത്.

ബാർ ഹോട്ടലുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും നിലയുറപ്പിക്കുന്ന സംഘം മദ്യപിച്ച് അബോധാവസ്ഥയിലാകുന്നവരെ ബന്ധുക്കളാണെന്ന വ്യാജേന എത്തി ഓട്ടോയിൽ കയറ്റിക്കൊണ്ട് പോകുകയാണ് പതിവ്. ഇവരെ വിജനമായ സ്ഥലത്ത് എത്തിച്ച ശേഷം പണവും വിലപ്പെട്ട സാധനങ്ങളും അപഹരിക്കും. കവർച്ചയ്ക്ക് ഇരയായവരിൽ അധികവും വയോധികരാണ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മോഷണ സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവർ. ബൈക്കിലെത്തി മാല പൊട്ടിക്കലും വാഹനമോഷണവും പ്രതികൾ നടത്തിയിട്ടുണ്ട്.