mayyanadu
മയ്യനാട് റെയിൽവേ മേല്പാലത്തിന്റെ രൂപരേഖ

 ജനവാസ കേന്ദ്രമായതിനാൽ നിരവധി വീടുകളെ ബാധിക്കും

 206 സെന്റ് ഭൂമി ഏറ്റെടുക്കും  പദ്ധതി തുക 26.25 കോടി

കൊല്ലം: മയ്യനാട് റെയിൽവേ മേല്പാല നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി ലഭിച്ചു. എട്ട് സർവെ നമ്പരുകളിലായുള്ള 206.58 സെന്റ് ഭൂമി ഏറ്റെടുക്കാനാണ് അനുമതി നൽകിയത്. അതേസമയം പാലത്തിന് ഇരുഭാഗത്തെയും അപ്രോച്ച് റോഡുകൾക്കായി ഏറ്റെടുക്കുന്ന സ്ഥലം ജനവാസ കേന്ദ്രമായതിനാൽ വികസനം നിരവധി വീടുകളെ ബാധിക്കും.
സ്ഥലമേറ്റെടുപ്പിനടക്കം 30.56 കോടി രൂപയുടെ പദ്ധതിയാണ് നിർമ്മാണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ കിഫ്ബിക്ക് സമർപ്പിച്ചത്. എന്നാൽ 26.25 കോടി രൂപയുടെ അനുമതിയാണ് കിഫ്ബി നൽകിയത്. 18 കോടി രൂപ പാലം നിർമ്മാണത്തിന് വേണ്ടി വരും. സ്ഥലമേറ്റെടുക്കാൻ നിയമപ്രകാരം ഒരുവർഷം വരെ സമയമുണ്ടെങ്കിലും വേഗത്തിൽ പൂർത്തിയാക്കാനാണ് ആലോചന. സ്ഥലമേറ്റെടുത്താലുടൻ ടെണ്ടർ നടപടികളിലേക്ക് കടക്കും. ഒന്നര വർഷത്തെ കാലവാധിയിലാകും നിർമ്മാണ കരാർ നൽകുക.

ഇടയ്ക്കിടെയുള്ള റെയിൽവേ ഗേറ്റടവ് കാരണം മയ്യനാട് ജംഗ്ഷൻ ഗതാഗതകുരുക്കിൽ അമരുന്നത് പതിവാണ്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാതെ ഗതാഗത കുരുക്കിൽപ്പെട്ട് മരണം സംഭവിച്ച സംഭവവും ഉണ്ടായിട്ടുണ്ട് ഇവിടെ. മേല്പാലം യാഥാർത്ഥ്യമാകുന്നതോടെ കാലങ്ങളായി നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.

 പാലം തുടങ്ങുന്നത് ആശുപത്രിക്ക് മുന്നിൽ നിന്ന്

മയ്യനാട് സി. കേശവൻ സ്മാരക ആശുപത്രിക്ക് മുന്നിൽ നിന്നാണ് അപ്രോച്ച് റോഡ് തുടങ്ങുന്നത്. മേൽപ്പാലം കടന്ന് വെള്ളമണൽ സ്കൂളിന് മുന്നിലെ റോഡിലാണ് മറുവശത്തെ അപ്രോച്ച് റോഡ് അവസാനിക്കുന്നത്. അവിടെ നിന്ന് കൂട്ടിക്കട- മയ്യനാട് പണയിൽമുക്ക് റോഡുമായി സന്ധിക്കും. നിലവിലെ ലെവൽ ക്രോസിംഗിന് വടക്ക് ഭാഗത്താണ് ആർ.ഒ.ബി (മേൽപ്പാലം) വരുന്നത്.

 മയ്യനാട് റെയിൽവേ ഓവർബ്രിഡ്‌ജ്

208 മീറ്ററാണ് മയ്യനാട് നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നീളം. ഇതിൽ കൊട്ടിയം- മയ്യനാട് ഭാഗത്ത് നിന്ന് 78 മീറ്റർ നീളത്തിലും മറുവശത്ത് 100 മീറ്റർ നീളത്തിലും അപ്രോച്ച് റോഡുണ്ടാകും. 10.2 മീറ്ററാണ് പാലത്തിന്റെ വീതി. ഇതിൽ 1.5 മീറ്റർ വീതിയിൽ ഒരുവശത്ത് നടപ്പാതയുമുണ്ടാകും.