korte
പുനലൂരിൽ നിർ‌മ്മാണം പുരോഗമിക്കുന്ന കോടതി സമുച്ചയം

 മന്ത്രിയുടെ പ്രത്യേക നിർദ്ദേശം, നാല് മാസത്തിനകം പൂർത്തിയാകും

പുനലൂർ: പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിലായി പ്രവർത്തിക്കുന്ന കോടതികളെ ഒരു കുടക്കീഴിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആറ് വർഷം മുമ്പ് ചെമ്മന്തൂരിൽ ആരംഭിച്ച പുനലൂർ കോടതി സമുച്ചയത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. നാല് നിലകളിലായാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഇത് നാലുമാസത്തിനകം പൂർത്തിയാകുമെന്ന് കരാറുകാരൻ അറിയിച്ചു.

കരാർ പ്രകാരം അടുത്ത മാർച്ച് വരെ കാലാവധിയുണ്ടെങ്കിലും സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.രാജുവിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ പണിത കെട്ടിടത്തിൽ ടൈൽ പാകൽ, പെയിന്റിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് പുറമെ കോടതി മുറികൾക്ക് ആവശ്യമായ സൗകര്യങ്ങളും ഓഫീസുകളും ഒരുക്കുന്നുണ്ട്.

11.02 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. കോടതികൾക്ക് പുറമെ കോൺഫറൻസ് ഹാൾ, അഭിഭാഷകരുടെ വിശ്രമമുറി, കാർ പാർക്കിംഗ് ഏരിയ, ലിഫ്റ്റ്, അസോസിയേഷൻ ഹാൾ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. കാർ പാർക്കിംഗിന് ആവശ്യമായ സൗകര്യമൊരുക്കാൻ സമീപത്തെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ഇനി ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കും. അതിന് പ്രത്യേക കരാർ ആണ്. നിർമ്മാണം പൂർത്തിയാകുന്നതോടെ ജില്ലയിലെ മികച്ച കോടതി സമുച്ചയമായി ചെമ്മന്തൂരിലെ കോടതി സമുച്ചയം മാറും. ഇതോടെ വ്യവഹാരത്തിനും മറ്റും പുനലൂരിൽ എത്തുന്നവരുടെയും അഭിഭാഷകരുടെയും ദുരിതത്തിന് അറുതിയാകും.

 നിർമ്മാണം ആരംഭിച്ചത് 6 വർഷം മുമ്പ്

പുനലൂർ പട്ടണത്തിൽ പ്രവർത്തിക്കുന്ന മുൻസിഫ്, മജിസ്ട്രേറ്റ്, വനം, എം.എ.സി.ടി കോടതികൾ അടക്കം ടൗണിലെ വിവിധ പ്രദേശങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ആറ് കോടതികളെ ഒരു കുടക്കീഴിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചെമ്മന്തൂരിൽ കോടതി സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ആറ് വർഷം മുമ്പ് 3 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലയിൽ പണിയാൻ പദ്ധതിയിട്ട കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ് സിരിജഗൻ ആണ് നിർവഹിച്ചത്. രണ്ട് ഘട്ടങ്ങളിലായി പണികൾ ആരംഭിച്ച കെട്ടിടത്തിൻെറ നിർമ്മാണം ഇതിനിടെ പണത്തിന്റെ കുറവ് മൂലം നിലച്ചു. പിന്നീട് പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് ബഡ്‌ജറ്റിൽ തുക വകയിരുത്തിയാണ് നാല് നിലയിൽ നിർമ്മാണം പുനരാരംഭിച്ചത്.