കുണ്ടറ: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ ദൃശ്യചാരുതയേകി കുണ്ടറയിൽ ഗുൽമോഹർ മരങ്ങൾ പൂത്തുലഞ്ഞു. മലയാളികൾക്കിടയിൽ വാക എന്ന പേരിൽ അറിയപ്പെടുന്ന ഈ തണൽ വൃക്ഷം ഇപ്പോൾ ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും പകരുന്നത് കാഴ്ചയുടെ നവ്യാനുഭവം.
ഒരു നൂറ്റാണ്ട് മുമ്പാണ് പ്രണയത്തിന്റെ ചുവപ്പൻ വസന്തമായി മഡഗാസ്കറിൽ നിന്ന് ഗുൽമോഹർ വൃക്ഷങ്ങൾ കേരളത്തിലേക്ക് എത്തുന്നത്. 'ഡെലോനിക്സ് റീജിയ' എന്നാണ് ശാസ്ത്രീയനാമം. വേനലിന്റെ ആരംഭത്തിൽ പൂർണമായും ഇല കൊഴിക്കുന്ന ഈ പൂമരം ആദ്യ പുതുമഴയിൽ തന്നെ തളിർക്കുകയും പുഷ്പിക്കുകയും ചെയ്യും. പിന്നീട് ഇലകൾ കാണാത്തവിധം പൂക്കൾ കൊണ്ട് നിറയും. കാലവർഷം എത്തുന്നതുവരെയാണ് ഗുൽമോഹർ പൂക്കളുടെ കാലം. മഴ പെയ്ത് തുടങ്ങുന്നതോടെ പൂക്കൾ കൊഴിഞ്ഞ് വീണ്ടും പച്ചപ്പിലേക്ക് മടങ്ങും.
മേയ് മാസത്തിലാണ് ഗുൽമോഹർ അധികമായി പുക്കുന്നത്. അതുകൊണ്ട് തന്നെ മേയ് മാസ പൂവെന്നും മലയാളികൾക്കിടയിൽ ഗുൽമോഹർ അറിയപ്പെടുന്നു. ഇത്തവണ ഏപ്രിൽ ആദ്യവാരം തന്നെ ഗുൽമോഹർ അതിന്റെ മനോഹാരിത കാഴ്ചക്കാർക്ക് സമ്മാനിച്ചു തുടങ്ങിയിരുന്നു.
കടുത്ത വേനലിൽ പൂമരങ്ങളും പുൽനാമ്പുകളും കരിഞ്ഞ് വാടുമ്പോഴും വഴിയോരങ്ങളിൽ നയനമനോഹര കാഴ്ചയാകുകയാണ് ഗുൽമോഹർ പൂക്കൾ.