photo
കരിക്കോട് ജംഗ്ഷനിൽ ബസ് ഷെൽട്ടറിന്റെ നിർമ്മാണം നടക്കുന്നു

കൊല്ലം: കരിക്കോട് ജംഗ്ഷനിൽ ഹൈടെക് ആൻഡ് സ്മാർട്ട് ഷെൽട്ടറിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നിർമ്മാണം പൂർത്തിയാക്കി ഈ മാസം തന്നെ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം ആസ്ഥാനമായ സൺ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഷെൽട്ടറിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. കോർപ്പറേഷന് ഒരു രൂപയുടെ പോലും ചെലവില്ലാതെയാണ് ഷെൽട്ടർ നിർമ്മാണം. എ.ടി.എം കൗണ്ടർ, ഫ്രീ വൈഫൈ സംവിധാനം, സി.സി.ടി.വി, എഫ്.എം റേഡിയോ, കുടിവെള്ളം, മികച്ച ഇരിപ്പിടങ്ങൾ, ഫാനുകൾ, ടെലിവിഷൻ തുടങ്ങി മെച്ചപ്പെട്ട സംവിധാനങ്ങൾ ഇവിടെ ഉണ്ടാകും.

എട്ട് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള ഷെൽട്ടറിൽ യാത്രക്കാർക്ക് സുരക്ഷിതത്വവും ഉറപ്പാക്കുന്നുമുണ്ട്. സി.സി.ടി.വി സംവിധാനം പൊലീസുമായി ബന്ധപ്പെടുത്തുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം.

നഗരസഭാ പരിധിയിൽ രണ്ട് ദേശീയ പാതയിലും മറ്റ് പ്രധാന കവലകളിലുമായി 55 ഷെൽട്ടറുകൾ സൺ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ ചുമതലയിൽ നിർമ്മിക്കുന്നുണ്ട്. ഇതിൽ നാലാമത്തേതാണ് കരിക്കോട് നിർമ്മിക്കുന്നത്. 55 എണ്ണത്തിൽ നാലെണ്ണം എ.സി സംവിധാനമുള്ളതാണ്.

 നഗരസഭയ്ക്ക് ലഭിക്കുന്നത് വർഷം 34,000 രൂപ

ഷെൽട്ടറിൽ സ്ഥാപിക്കുന്ന പരസ്യങ്ങളിലൂടെ കമ്പനി നിർമ്മാണത്തിനും നടത്തിപ്പിനുമുള്ള തുക കണ്ടെത്തും. വൈദ്യുതി ചാർജ് ഉൾപ്പടെ കമ്പനി അടയ്ക്കും. വർഷം 34,000 രൂപ നഗരസഭയ്ക്ക് നൽകുമെന്നുമാണ് കരാറിൽ വ്യക്തമാക്കിയിട്ടുള്ളത്. പത്ത് വർഷത്തേക്കാണ് കമ്പനിക്ക് കരാർ നൽകിയിട്ടുള്ളത്. ഈ കാലയളവിൽ നടത്തിപ്പ് ചുമതല, അറ്റകുറ്റപ്പണികൾ, ദിവസവുമുള്ള വൃത്തിയാക്കൽ തുടങ്ങിയവയുടെ ഉത്തരവാദിത്തം കമ്പനിക്കാണ്. പത്ത് വർഷം കഴിയുമ്പോൾ ഷെൽട്ടർ നഗരസഭയുടെ അധീനതയിലാകും.

 യാത്രക്കാരുടെ ദുരിതം മാറും

രണ്ട് കോളേജുകളും സ്കൂളുകളും റെയിൽവേ സ്റ്റേഷനുമടക്കമുള്ള കരിക്കോട് ജംഗ്ഷനിൽ എപ്പോഴും ജനത്തിരക്കാണ്. ബസ് കാത്ത് നിൽക്കാൻ ചെറിയ കാത്തിരിപ്പ് കേന്ദ്രമാണ് ഇവിടെ ഉണ്ടായിരുന്നത്. രാത്രികാലങ്ങളിൽ നാടോടികളും തെരുവ് നായ്ക്കളും ഉൾപ്പെടെ പഴയ കാത്തിരിപ്പ് കേന്ദ്രത്തിലായിരുന്നു വിശ്രമം.

രണ്ട് മാസം മുമ്പാണ് ഇത് പൊളിച്ച് നീക്കിയ ശേഷം ഹൈടെക് സംവിധാനത്തോടെ മിനി ബസ് ഷെൽട്ടർ നിർമ്മാണം ആരംഭിച്ചത്. മഴയത്തും വെയിലത്തും ഷെൽട്ടർ യാത്രക്കാർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

 ഉദ്ഘാടനം മഴയ്ക്ക് മുമ്പേ ?

തീക്ഷ്ണമായ ഉച്ചവെയിൽച്ചൂടിൽ വലയുന്ന യാത്രക്കാർക്ക് ഇപ്പോൾ കാത്തിരിപ്പ് കേന്ദ്രത്തിന്റെ അഭാവം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇനി പെരുമഴക്കാലമാണ് വരുന്നത്. അതിന് മുമ്പായി ഷെൽട്ടർ പ്രവർത്തനം തുടങ്ങിയില്ലെങ്കിൽ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. നിർമ്മാണത്തിന്റെ മുക്കാൽ പങ്കും പൂർത്തിയായിട്ടുണ്ട്. മേൽക്കൂര സ്ഥാപിക്കുന്നതും അലങ്കാരപ്പണികളും മറ്റ് സംവിധാനങ്ങളൊരുക്കുന്നതുമാണ് ശേഷിക്കുന്നത്. ഒരാഴ്ചയിൽ കൂടുതലായി നിർമ്മാണം നിലച്ചിരിക്കുന്നതിനാൽ മഴക്കാലത്തിന് മുമ്പ് ഉദ്ഘാടനം നടത്തുമോയെന്ന കാര്യത്തിൽ ആശങ്കയുമുണ്ട്.

എ.ടി.എം കൗണ്ടർ, ഫ്രീ വൈഫൈ സംവിധാനം, സി.സി.ടി.വി, എഫ്.എം റേഡിയോ, കുടിവെള്ളം, മികച്ച ഇരിപ്പിടങ്ങൾ, ഫാനുകൾ, ടെലിവിഷൻ തുടങ്ങി മെച്ചപ്പെട്ട സംവിധാനങ്ങളാണ് ഷെൽട്ടറിൽ ഒരുക്കുന്നത്