പൊൻമന: ടി.എസ്. കനാലിൽ അഞ്ചുമനയ്ക്കൽ, കന്നിട്ടകടവ്, കൊതുമുക്ക്, കന്നേറ്റിപ്പാലം, ചവറ പാലം എന്നിവിടങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്നതായി പരാതി. രാത്രികാലങ്ങളിൽ കോഴിവേസ്റ്റും മറ്റ് അറവുമാലിന്യങ്ങളുമടക്കമാണ് വലിച്ചെറിയുന്നത്. ഇത് ഒഴുകി കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിന് സമീപത്തെ കൊട്ടാരത്തിൽ കടവിൽ എത്തുന്നത് ക്ഷേത്ര ദർശനത്തിന് എത്തുന്നവരെയും വലയ്ക്കുന്നു.
വലിയ ചാക്കുകളിൽ നിറച്ച് കനാലിലേക്ക് തള്ളുന്ന മാലിന്യം ചീഞ്ഞുനാറി അസഹ്യമായ ദുർഗന്ധമാണുയരുന്നത്. കൊട്ടാരത്തിൽ കടവിൽ ചങ്ങാടവും വള്ളങ്ങളും അടുപ്പിക്കാൻ പറ്റാത്ത തരത്തിലാണ് മാലിന്യം അടിഞ്ഞിരിക്കുന്നത്. പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കി മാലിന്യം നിക്ഷേപിക്കുന്നത് ചെറുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.