ചാത്തന്നൂർ: കാടും പടലും വളർന്ന് പാമ്പുകളുടെ വിഹാര കേന്ദ്രമായി മാറിയ ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ കോംപ്ലക്സിന് പുതിയ മുഖം. വിശാലമായ പറമ്പിൽ ഇപ്പോൾ പൂന്തോട്ടവും പച്ചക്കറി കൃഷിയും ഫലവൃക്ഷങ്ങളും വളരുന്നു.
ചാത്തന്നൂർ എ.സി.പി എസ്.എസ്. സുരേഷ് കുമാർ അവധി സമയങ്ങളിൽ കർഷകനായി മാറിയതോടെ മറ്റ് പൊലീസുകാർക്കും ഉത്സാഹവും കൃഷിയോട് താത്പര്യവുമായി. എ.സി.പി മൺവെട്ടിയെടുത്തപ്പോൾ സഹപ്രവർത്തകർ ആവേശത്തോടെ പങ്കാളികളായി. കൃഷിയുടെ കൂടെ ക്വാട്ടേഴ്സും പരിസരവും വൃത്തിയും വെടിപ്പും ഉളളതായി മാറി. സ്റ്റേഷൻ പരിസരത്തെ കാടുകൾ വെട്ടി തെളിക്കുന്നതായിരുന്നു ആദ്യ കടമ്പ. പിന്നെ സ്ഥലം നിരപ്പാക്കി. ഇപ്പോൾ വിശാലമായ പറമ്പ് ഒരു മനോഹരമായ റിസോർട്ടിന്റെ പൂന്തോട്ടം പോലെയായി. ചെടികൾക്കും മരങ്ങൾക്കും വളം വയ്ക്കുന്നതും വെള്ളമൊഴിക്കുന്നതും എല്ലാം പൊലീസുകാർ തന്നെ.
പൊലീസ് സ്റ്റേഷന്റെ ഗേറ്റ് കടന്നാൽ നിരവധി ചെടികളും പൂക്കളുമുള്ള പൂന്തോട്ടം. പിന്നെ കാണുന്ന പച്ചക്കറി തോട്ടത്തിൽ തക്കാളി, വെണ്ട, പയർ, വെള്ളരി തുടങ്ങിയവ പൂവിട്ടും കായ് പിടിച്ചും നിൽക്കുന്നു. തൊട്ടടുത്ത് ഫലവൃക്ഷത്തോട്ടം. റംബൂട്ടാനും, വ്യത്യസ്തയിനം പാപ്പായകളും സപ്പോട്ടയും തേന്മാവും സങ്കരയിനം മാവുകളും പ്ലാവുകളും എല്ലാം ഇവിടെ ശ്രദ്ധാപൂർവ്വം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായാണ് പരിപാലനം.
പൊലീസ് ക്വാർട്ടേഴ്‌സിന്റെ മുഖച്ഛായ തന്നെ മാറിയിരിക്കുകയാണ്.
അവിശ്വനീയമാം വിധം പൊലീസ് സ്റ്റേഷൻ പരിസരം ഇപ്പോൾ മാറിയിട്ടുണ്ട്. പ്രകൃതി സ്നേഹവും നിസ്തുലമായ സർഗാത്മകതയും കൊണ്ട് പൊലീസുകാർ ഫലവൃക്ഷങ്ങൾ നട്ട് വളർത്തുന്നത് മാതൃകാപരമാണ്. എ.സി.പി തന്നെ കർഷകനായി മാതൃക പ്രവർത്തനം നടത്തുന്നത് അഭിമാനാർഹമാണ്. കാടുമൂടിയ സ്റ്റേഷൻ വളപ്പ് പ്രദേശവാസികൾക്ക് പേടി സ്വപ്നമായിരുന്നു. പ്രശ്ന പരിഹാരത്തിനായി ഗാന്ധി നഗർ റസി. അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചിരുന്നു.
ജി. ദിവാകരൻ
(പ്രസിഡന്റ്, ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷൻ മാമ്പള്ളിക്കുന്നം).