photo
തുറയിൽക്കടവിൽ യാത്രക്കാർ കടത്തു വള്ളത്തിൽ സഞ്ചരിക്കുന്നു

കരുനാഗപ്പള്ളി: താലൂക്കിലെ കടത്തുവള്ളങ്ങളും കടവുകളും കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അരനൂറ്റാണ്ടിന് മേൽ പഴക്കമുള്ള കടത്തുവള്ളങ്ങളും കടവുകളുമാണ് നിലവിലുള്ളത്. കടത്തുവള്ളങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത സ്ഥിതിയാണ്. താലൂക്കിൽ മൊത്തം 22 കടത്തുകളാണ് ഉള്ളത്. ഇതിൽ 10 എണ്ണം സർക്കാരും 10 എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും 2 എണ്ണം ഐ.ആ\.ഇ കമ്പനിയുമാണ് നടത്തുന്നത്.

കരുനാഗപ്പള്ളി മാർക്കറ്റ് കടവിൽ നിന്ന് കൊല്ലക കടവിലേക്ക് പോകണമെങ്കിൽ 20 മിനിറ്റ് വള്ളത്തിൽ യാത്ര ചെയ്യണം. ശക്തമായ ഒഴുക്കും ആഴവുമുള്ള പള്ളിക്കലാറിനെ വേണം യാത്രക്കാർക്ക് മുറിച്ചുകടക്കാൻ. ഇപ്പോഴും പങ്കായവും മുളക്കോലും ഉപയോഗിച്ചാണ് വള്ളത്തെ നിയന്ത്രിക്കുന്നത്. കാലവർഷ സീസണിൽ ഏറെ ബുദ്ധിമുട്ടിയാണ് കടത്തുകാരൻ യാത്രക്കാരെ കൊണ്ടുപോകുന്നത്. കടവുകളുടെ സ്ഥിതിയും ഏറെ മോശമാണ്. ഇടിഞ്ഞ് പൊളിഞ്ഞ കടവുകളിലേക്ക് വള്ളങ്ങൾ അടുപ്പിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് കടത്തുകാരൻ. ടി.എസ് കനാലിലാണെങ്കിൽ മത്സ്യബന്ധന യാനങ്ങൾ അമിത വേഗതയിലാണ് കടന്ന് പോകുന്നത്. യാതക്കാരെയും കൊണ്ടുപോകുന്ന കടത്തുവള്ളങ്ങൾ ഓളങ്ങളിൽപെട്ട് ആടിയുലയുന്നത് പതിവ് കാഴ്ചയാണ്.

വള്ളങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ലൈഫ് ജാക്കറ്റ് നൽകണമെന്ന ആവശ്യവും ഇനിയും നടപ്പാക്കിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസുകളിൽ ലൈഫ് ജാക്കറ്റ് എത്തിയെങ്കിലും നാളിതുവരെ വള്ളങ്ങൾക്ക് നൽകിയിട്ടില്ല. ഒരു വള്ളത്തിൽ കടത്തുകാരൻ ഉൾപ്പെടെ 7 പേരാണ് ഒരു സമയം യാത്ര ചെയ്യേണ്ടത്. ചിലപ്പോൾ 12 വരെ ഉയരാറുണ്ട്. ഇതും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു.