photo
വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ പുതിയകാവ് എ.ഇയുടെ ഓഫീസ് ഉപരോധിക്കുന്നു

കരുനാഗപ്പള്ളി : പുതിയകാവ് കെ.എസ്.ഇ.ബി ഓഫീസിന്റെ പരിധിയിൽ വരുന്ന പുതിയകാവ് മുതൽ വവ്വാക്കാവ് വരെയുള്ള പ്രദേശത്തെ ഉപഭോക്താക്കളെ ഒരു ദിവസം മുഴുവൻ ഇരുട്ടിലാക്കി നടത്തിയ അറ്റകുറ്റപ്പണിക്കെതിരെ പ്രതിഷേധം. രോഷാകുലരായ നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. 11 കെ.വി ലൈൻ ഉൾപ്പെടെയുള്ളവ മാറ്റി പുതിയത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് അധികൃതർ വൈദ്യുതി ബന്ധം വിഛേദിച്ചത്. കരാർ ജീവനക്കാരെയാണ് ജോലി ഏൽപ്പിച്ചിരുന്നത്. ദിവസങ്ങൾ എടുത്ത് ഘട്ടംഘട്ടമായി ചെയ്യേണ്ട ജോലി ഒരു ദിവസം കൊണ്ട് ചെയ്തുതീർക്കാൻ ശ്രമിച്ചതാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്.

വൈകിട്ട് 5 മണിക്ക് മുമ്പ് സപ്ലൈ നൽകുമെന്നാണ് അറിയിച്ചതെങ്കിലും ഇത് പുനഃസ്ഥാപിച്ചത് അർദ്ധരാത്രിയാണ്. രാത്രി 8മണിക്ക് ശേഷവും വൈദ്യുതി ലഭിക്കാതായതോടെ ജനങ്ങൾ പ്രതിഷേധവുമായി പുതിയകാവ് കെ.എസ്.ഇ. ബി ഓഫീസിന് മുന്നിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. കരാർ ജീവനക്കാർ നടത്തുന്ന ജോലി ആയതിനാൽ തങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ ഇല്ലെന്ന നിലപാടിലായിരുന്നു ഓഫീസിലെ ജീവനക്കാർ. ഇതോടെ നാട്ടുകാർ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പൊലീസ് സമരക്കാരും ജീവനക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് കരാറുകാരൻ കൂടുതൽ ജീവനക്കാരെ എത്തിച്ച് 11.30തോടെ ജോലി പൂർത്തിയാക്കുകയായിരുന്നു.

കെ.എസ്. പുരം സുധീർ, നിസാർ കത്തുങ്ങലൽ, കൃഷ്ണപിള്ള, നാസിം, യൂസഫ്, നവാസ്, ഉണ്ണി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.