കുളത്തൂപ്പുഴ: വാഹനമിടിച്ചു പരിക്കേറ്റ് റോഡരികിൽ അവശനിലയിൽ കണ്ടെത്തിയ കുരങ്ങിനെ വനപാലകർ പിടികൂടി ചികിത്സ നൽകി. അഞ്ചൽ വനം റേഞ്ചിൽ കുളത്തൂപ്പുഴ സെക്ഷനിൽ ഉൾപ്പെട്ട ഗണപതിയമ്പലം ജംഗ്ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തിരുവനന്തപുരം-ചെങ്കോട്ട പാതയിൽ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ചാണ് കുളത്തൂപ്പുഴ വനം റേഞ്ച് ഓഫീസിലെ കുട്ടിവനത്തിനുള്ളിൽ നിന്ന് റോഡ് മുറിച്ചുകടന്ന കുരങ്ങിന് കാലിന് ഗുരുതര പരിക്കേറ്റത്. കാല് തകർന്ന കുരങ്ങ് ഒാടിപോകാനാവാതെ സമീപത്തെ ഗണപതിക്ഷേത്രത്തിലേക്ക് ഇഴഞ്ഞ് കയറിക്കിടക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സെക്ഷൻ ഫോറസ്റ്റർ പ്രതാപിന്റെ നേതൃത്വത്തിലുള്ള വനപാലകർ വലയെറിഞ്ഞ് ഇതിനെ പിടികൂടി മൃഗാശുപത്രിയിലേക്കു മാറ്റുകയായിരുന്നു.