pathanapuram

പത്തനാപുരം ; പൂങ്കുളഞ്ഞി പത്തനാപുരം പാതയിൽ കുമ്പിക്കൽ ജംഗ്ഷന് സമീപം കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുളള ട്രാൻസ്ഫോർമർ അപകട ഭീഷണിയാകുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയാണ് വൈദ്യുതി ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. പാതയുടെ വശത്ത് സ്ഥാപിച്ചിട്ടുളള ട്രാൻസ്ഫോർമറിന് കമ്പിവേലികളുണ്ടെങ്കിലും ഫ്യൂസുകൾ പരസ്പരം ചെമ്പ് കമ്പികൾ കൊണ്ട് സുരക്ഷിതമല്ലാത്ത രീതിയിലാണ് ബന്ധിച്ചിരിക്കുന്നത്. ഇവയ്‌ക്കൊന്നിനും ഫ്യൂസ് കാരിയറില്ലെന്നതാണ് ശ്രദ്ധേയം. സ്‌കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാരെത്തുന്ന ഇവിടെ സുരക്ഷിതമല്ലാത്ത രീതിയിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചതിനെതിരെ ആക്ഷേപമുയർന്നിട്ടുണ്ട്. പൊതുവേ ഇവിടെ പാതയ്ക്ക് വീതി കുറവാണ്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത തരത്തിൽ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറിലേക്ക് കാട്ടുചെടികളും പടർന്നു കയറിയിട്ടുണ്ട്. അപകടങ്ങൾ നിത്യ സംഭവങ്ങളായിട്ടും ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവിടെ പാതയ്ക്ക് വീതി കുറവായതിനാൽ അപകടങ്ങൾ അടിക്കടിയുണ്ടാവാറുണ്ട്.