പത്തനാപുരം: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ തലവൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യനീക്കത്തിന് വഴിതെളിഞ്ഞു. വിഷയത്തിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അധികൃതർ ഉണർന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥാപിച്ചിരുന്ന മാലിന്യശേഖരണ യൂണിറ്റുകളാണ് നീക്കം ചെയ്ത് തുടങ്ങിയത്. കൃത്യമായ ആസൂത്രണമില്ലാതെ ഇവ സ്ഥാപിച്ചതായിരുന്നു ജനങ്ങളെ വലച്ചിരുന്നത്.
യൂണിറ്റുകളിൽ മാലിന്യം കുന്നുകൂടിയത് നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടായിരുന്നില്ല. ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. തുടർന്നാണ് നടുത്തേരി സർക്കാർ യു.പി സ്കൂൾ പരിസരത്തേക്ക് യൂണിറ്റുകൾ മാറ്റുകയായിരുന്നു. ജൈവമാലിന്യങ്ങൾ കുഴിച്ചു മൂടിയ ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മാലിന്യ ശേഖരണ യൂണിറ്റുകളും പ്ലാസ്റ്റിക്കുകളും സ്കൂൾ പരിസരത്തേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അടുത്ത ദിവസം തന്നെ തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കുകൾ വൃത്തിയാക്കി തരംതിരിച്ച് സംസ്കരണത്തിന് അയയ്ക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ആർ.സുരേഷ്കുമാർ അറിയിച്ചു. പ്ലാസ്റ്റിക്കുകൾ കൈമാറ്റംചെയ്യാൻ ശുചിത്വമിഷൻ അധികൃതരുമായി പഞ്ചായത്തധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്.
ഈ മാസം തന്നെ പഞ്ചായത്തിൽ ഹരിതസേന രൂപീകരിച്ച് അജൈവ മാലിന്യങ്ങൾ വീടുകളിൽ പോയി ശേഖരിക്കാൻ നടപടിയുണ്ടാക്കും. ഇതിന് ശേഷം നീക്കം ചെയ്ത ശേഖരണ യൂണിറ്റുകൾ പഴയ സ്ഥലങ്ങളിൽത്തന്നെ സ്ഥാപിക്കും. പദ്ധതി നടപ്പാക്കുന്നതിലെ ആസൂത്രണപ്പിഴവാണ് മാലിന്യം കുന്നുകൂടാൻ ഇടയാക്കിയത്. ഇത് പരിഹരിച്ച് മികച്ച രീതിയിൽ നടപ്പാക്കും
ആർ.രാകേഷ്, പഞ്ചായത്ത് പ്രസിഡന്റ്